ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ദുഡു-ബസന്ത്ഗഡ് മേഖലയിൽ ആണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പ്പ് നടക്കുന്നത്. പ്രദേശത്ത് രണ്ട് തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
നിബിഢമായ വനമേഖലകളും അപകടകരമായ ഭൂപ്രകൃതിയും ഉള്ള പ്രദേശമാണിത്. ഇന്ത്യൻ സൈന്യത്തിന്റെ 9 കോർപ്സിന്റെ അധികാരപരിധിയിലാണ് ഈ മേഖലയുള്ളത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന സ്ഥലത്ത് സൈന്യം എത്തിയപ്പോൾ വെടിയുതിർത്തുവെന്നും തുടർന്ന് തിരിച്ചടിച്ചതായും ഇത് ഏറ്റുമുട്ടലിന് കാരണമായതായും ഒരു ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശത്ത് കുറഞ്ഞത് രണ്ട് തീവ്രവാദികളെയെങ്കിലും കണ്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയുള്ള കാടിനുള്ളിൽ പതിയിരുന്ന് ആക്രമണം നടത്താനുള്ള സാധ്യത കാരണം സുരക്ഷാ സേന ജാഗ്രതയോടെയാണ് മുന്നോട്ട് നീങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post