ന്യൂഡൽഹി : ആക്ടിവിസ്റ്റ് മേധ പട്കർ ഡൽഹിയിൽ അറസ്റ്റിൽ. 2000-ത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഡൽഹി പോലീസ് മേധ പട്കറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ ഒരു എൻജിഒയുടെ തലവനായിരുന്ന കാലത്ത് സക്‌സേനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ പുറത്തിറക്കുകയും ഹവാല ഇടപാടുകളിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തതിനെതിരെ ആയിരുന്നു നർമ്മദ ബച്ചാവോ ആന്ദോളൻ നേതാവായിരുന്ന മേധ പട്കറിനെതിരെ വി.കെ. സക്‌സേന മാനനഷ്ടകേസ് നൽകിയിരുന്നത്.
ഏപ്രിൽ 23നാണ് 25 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ പ്രൊബേഷൻ ബോണ്ട് സമർപ്പിക്കാത്തതിന് മേധ പട്കറിനെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പ്രൊബേഷൻ ബോണ്ട് നടപ്പിലാക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന പട്കറിന്റെ ആവശ്യം ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു.
പ്രൊബേഷൻ ബോണ്ട് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേധ പട്കർ നൽകിയിട്ടുള്ള അപേക്ഷ അപേക്ഷ ബാലിശവും ദുഷ്ടത നിറഞ്ഞതുമാണ് എന്നായിരുന്നു കോടതി വിലയിരുത്തിയത്. കോടതിയെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ അപേക്ഷ തള്ളിക്കളയുന്നു എന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വിശാൽ സിംഗ് ഏപ്രിൽ 23 ലെ തന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Discussion about this post