ബെംഗളൂരു : മുൻ ഐഎസ്ആർഒ ചെയർമാൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ (കെ കസ്തൂരിരംഗൻ) അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധങ്ങളായ അസുഖബാധിതനായി കഴിയവേ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി കെ കസ്തുരിരംഗന്റെ മരണത്തിൽ അനുശോചനങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഒരു ഉന്നത വ്യക്തിത്വമായ കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു.
കെ കസ്തൂരിരംഗന്റെ മൃതദേഹം രാമൻ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഏപ്രിൽ 27നാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. പ്രശസ്ത ശാസ്ത്രജ്ഞനായ കെ. കസ്തൂരിരംഗൻ 1994 മുതൽ 2003 വരെ ഐ.എസ്.ആർ.ഒ.യുടെ ചെയർമാനായിരുന്നു. പുതിയ വിദ്യാഭ്യാസ നയം-2020 തയ്യാറാക്കിയ സമിതിയുടെ ചെയർമാനുമായിരുന്നു ഡോ. കസ്തൂരിരംഗൻ. 1940 ഒക്ടോബർ 24 ന് കേരളത്തിലെ എറണാകുളത്ത് ആയിരുന്നു ജനനം. 2003 ൽ ഐ.എസ്.ആർ.ഒ.യിൽ നിന്ന് വിരമിച്ച ശേഷം, കസ്തൂരിരംഗൻ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ പ്രസിഡന്റായി. ഇതോടൊപ്പം അദ്ദേഹം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലും അംഗമായിരുന്നു.
2003 മുതൽ 2009 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഡയറക്ടർ, ന്യൂ എഡ്യൂക്കേഷൻ പോളിസി ഡ്രാഫ്റ്റ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാനിലെ എൻഐഐടി യൂണിവേഴ്സിറ്റി ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ശാസ്ത്ര മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്.
Discussion about this post