ശ്രീനഗർ : ഭീകരർക്കെതിരെ ശക്തമായ നീക്കങ്ങളുമായി സൈന്യം. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഒരു ഭീകര ഒളിത്താവളം ഇന്ന് സൈന്യം തകർത്തു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തിയത്. വൻതോതിലുള്ള ആയുധശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ ആയുധ ശേഖരങ്ങൾ പിടിച്ചെടുത്ത ശേഷം സൈന്യം ഒളിത്താവളം പൂർണമായും തകർത്തു.
വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ മുഷ്താഖാബാദ് മച്ചിലിലെ സംഷ ബെഹാക് വനമേഖലയിലായിരുന്നു ഭീകരരുടെ ഈ ഒളിത്താവളം ഉണ്ടായിരുന്നത്. വലിയൊരു ആയുധശേഖരം സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സമയോചിതമായ നടപടിയിലൂടെ വലിയ വിജയമാണ് ഇതിലൂടെ സുരക്ഷാസേന സ്വന്തമാക്കിയിട്ടുള്ളത്.
അഞ്ച് എകെ-47 റൈഫിളുകൾ, എട്ട് എകെ-47 മാഗസിനുകൾ, ഒരു പിസ്റ്റൾ, ഒരു പിസ്റ്റൾ മാഗസിൻ, 660 റൗണ്ട് എകെ-47 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ റൗണ്ട്, 50 റൗണ്ട് എം4 വെടിയുണ്ടകൾ എന്നിവയുൾപ്പെടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ആണ് സംഭവം സ്ഥലത്തുനിന്നും സൈന്യം പിടിച്ചെടുത്തത്. ഈ ഒളിത്താവളം ഉപയോഗിച്ചിരുന്ന ഭീകരർക്കായി പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post