ദിസ്പൂർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ പങ്കുവെച്ച് ആറുപേർ അസമിൽ അറസ്റ്റിൽ ആയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാം ഉൾപ്പെടെയുള്ള ആറുപേരാണ് രാജ്യവിരുദ്ധ പ്രവൃത്തികളുടെ പേരിൽ അറസ്റ്റിലായിട്ടുള്ളത്.
ദേശവിരുദ്ധ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്കെതിരായി അസം സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട പ്രകോപനപരമായ പോസ്റ്റുകളുമായി ബന്ധപ്പെട്ട് അധികൃതർ സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത് തുടരുന്നതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ശർമ്മ മുന്നറിയിപ്പ് നൽകി.
നേരിട്ടോ അല്ലാതെയോ പാകിസ്ഥാനെ പിന്തുണക്കുന്ന വ്യക്തികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) ചുമത്തുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് അസമിൽ ഒരു വിദ്യാർത്ഥിയും അറസ്റ്റിലായിട്ടുണ്ട്. അസം യൂണിവേഴ്‌സിറ്റിയിലെ സിൽച്ചാർ വിദ്യാർത്ഥിയായ എ കെ ബഹാവുദ്ദീൻ ആണ് വർഗീയ വികാരം ഇളക്കി വിടുന്ന രീതിയിലുള്ള പ്രചാരണം നടത്തിയതിന് അറസ്റ്റിലായത്.
Discussion about this post