ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനുമായി ഒരു തുറന്ന യുദ്ധത്തിലേക്ക് തന്നെ പോകുന്ന സാഹചര്യങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കശ്മീരിന്റെ അതിർത്തി ജില്ലകളിൽ പ്രദേശവാസികൾക്കായുള്ള സിവിലിയൻ ബങ്കറുകളിൽ യുദ്ധസമാനമായ രീതിയിൽ പ്രത്യേക തയ്യാറെടുപ്പുകൾ ആരംഭിച്ചു. ബങ്കറുകൾ വൃത്തിയാക്കുകയും അത്യാവശ്യ സാഹചര്യങ്ങൾക്കാവശ്യമായ വസ്തുക്കൾ ബങ്കറുകളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് യുദ്ധമോ സംഘർഷങ്ങളോ ഉണ്ടാകുന്ന വേളയിൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ബങ്കറുകൾ തയ്യാറാക്കിയിട്ടുള്ളത്. പ്രദേശവാസികൾക്കിടയിൽ “മോദി ബങ്കറുകൾ” എന്നറിയപ്പെടുന്ന ബങ്കറുകളിൽ പുതപ്പുകൾ, കിടക്കകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ശേഖരിച്ച് വയ്ക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഗ്രാമീണർ തന്നെയാണ് ഇതിനായി മുൻകൈയെടുക്കുന്നത്.
ഇതോടൊപ്പം തന്നെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ വിവിധ കൃഷികൾ ചെയ്തിട്ടുള്ളവരോട് എത്രയും പെട്ടെന്ന് വിളവെടുപ്പ് നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു യുദ്ധ സാഹചര്യത്തിലേക്ക് ആണ് ഇന്ത്യ നീങ്ങുന്നത് എന്നുള്ള മുന്നറിയിപ്പായാണ് ഇത് കണക്കാക്കപ്പെടുന്നത്. കശ്മീരിന്റെയും പഞ്ചാബിന്റെയും അതിർത്തി പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലും ഗുരുദ്വാരകളിലും അതിർത്തി മേഖലകളിലെ വിളവെടുപ്പ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകുന്നുണ്ട്.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്താണ് പൂഞ്ച്, രജൗരി തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വലിയ അളവിൽ ഭൂഗർഭ ബങ്കറുകൾ നിർമ്മിച്ചത്. അതിനാൽ തന്നെ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമീണർക്കിടയിൽ ഇത് മോദി ബങ്കർ എന്നാണ് അറിയപ്പെടുന്നത്. അതിർത്തി കടന്നുള്ള ഷെല്ലാക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായുള്ള ഏറ്റവും ഫലവത്തായ വഴിയാണ് ഈ ഭൂഗർഭ ബങ്കറുകൾ.
2021-ൽ ജമ്മു പ്രവിശ്യയിലെ നിയന്ത്രണ രേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തിയിലുമായി ഏകദേശം 8,000 ഭൂഗർഭ ബങ്കറുകൾ ആണ് മോദി സർക്കാർ നിർമ്മിച്ചിട്ടുള്ളത്. ജമ്മു, കതുവ, സാംബ, പൂഞ്ച്, രജൗരി എന്നീ അഞ്ച് ജില്ലകളിലായി 14,460 ബങ്കറുകൾക്ക് കേന്ദ്രം തുടക്കത്തിൽ അനുമതി നൽകിയിരുന്നു. പിന്നീട് കൂടുതൽ ദുർബലരായ ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി 4,000 എണ്ണം കൂടി പിന്നീട് അനുവദിച്ചു. എന്നാൽ കശ്മീർ സമാധാനാവസ്ഥയിലേക്ക് വന്നതോടെ അതിർത്തിയിലെ ഗ്രാമീണർ പോലും ഈ ബങ്കറുകളെ കുറിച്ച് മറന്നു തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ഒരു യുദ്ധസമാനമായ സാഹചര്യം വന്നെത്തിയതോടെ ബങ്കറുകളിൽ അവശ്യവസ്തുക്കൾ നിറച്ച് ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കുകയാണ് ജമ്മു കശ്മീരിന്റെ അതിർത്തി പ്രദേശങ്ങളിലുള്ളവർ.
Discussion about this post