ന്യൂഡൽഹി : മൻ കി ബാത്തിന്റെ 121-ാമത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യത്തെ മൻ കി ബാത്തിൽ മോദി ഭീകരതയ്ക്കെതിരായി രാജ്യം നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. കശ്മീരിന്റെ ശത്രുക്കൾ വീണ്ടും അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്താനും നശിപ്പിക്കാനും ശ്രമിച്ചതായി മോദി പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എല്ലാ പൗരന്മാരുടെയും ഐക്യമാണ് പരമപ്രധാനമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകം മുഴുവൻ ഭീകരതയ്‌ക്കെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിലകൊള്ളുന്നു എന്ന് അദ്ദേഹം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങളോട് മുഴുവൻ രാഷ്ട്രവും ലോകവും അഗാധമായ ദുഃഖം പങ്കുവെക്കുന്നു. കശ്മീരിൽ സമാധാനം തിരിച്ചുവരുമ്പോഴുള്ള ഭീകരരുടെ നിരാശയുടെ പ്രതിഫലനമാണ് ആക്രമണം എന്നും മോദി പറഞ്ഞു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്നും ആക്രമണത്തിന് പിന്നിലെ കുറ്റവാളികൾക്കും സൂത്രധാരന്മാർക്കും ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇന്ന് ലോകം ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ലോകജനത ഇന്ന് ഇന്ത്യയിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു. വിവിധ ലോക രാഷ്ട്രങ്ങളുടെ തലവന്മാർ തന്നെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതായും മോദി വ്യക്തമാക്കി.
Discussion about this post