ശ്രീനഗർ: ജമ്മു കശ്മീരിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് ഫ്രണ്ട് (ജെഡിഎഫ്) എന്നതാണ് പുതിയ പാർട്ടി.ആദ്യ യോഗത്തിൽ തന്നെ നേതാക്കൾ പഹൽഗാം ആക്രമണത്തെ അപലപിച്ചു.പതിറ്റാണ്ടുകളായി കൊണ്ടുനടന്ന വിഘടനവാദം എന്ന ആശയം ഉപേക്ഷിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി. നീതി, വികസനം, പൊതുജനക്ഷേമം എന്നിവയാണ് പാർട്ടിയുടെ സ്ഥാപക തത്വങ്ങളെന്ന് പാർട്ടി ജനറൽ സെക്രട്ടറി സയാർ റെഷി പറയുന്നു.
നിരപരാധികളായ സാധാരണക്കാർക്കെതിരായ പഹൽഗാം ആക്രമണത്തെയും വിവിധ സംസ്ഥാനങ്ങളിലെ കശ്മീരി ജനതയെ ഉപദ്രവിക്കുന്നതിനെയും ജെഡിഎഫ് അപലപിക്കുന്നതായി പാർട്ടിയുടെ ആദ്യ പ്രസിഡന്റ് ഷമീം അഹമ്മദ് തോക്കർ പറഞ്ഞു. കശ്മീരിലെ ജനങ്ങൾ പഹൽഗാം ആക്രമണത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഒരു ദിവസം മുഴുവൻ നീണ്ട ബന്ദ് ആചരിച്ചുകൊണ്ട് തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് തോക്കർ പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം കശ്മീരിലെ വീടുകൾ നശിപ്പിക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടും ജമ്മു കശ്മീർ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.
താഴ്‌വരയിലെ ഒരു പുതിയ മുഖ്യധാരാ പാർട്ടിയായി പ്രവർത്തനങ്ങൾ ആരംഭിക്കും. നിരോധിത ജമാഅത്തെ ഇസ്ലാമി അംഗങ്ങൾ തന്നെയാണ് പുതിയ പാർട്ടിയിലെ നേതാക്കൾ. നീതിയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് രാജ്യത്തിന്റെ നടപടിയെ പാർട്ടി പിന്തുണയ്ക്കുന്നു, എന്നാണ് പഹൽഗാം ആക്രമണത്തെ സംബന്ധിച്ച്ജെഡിഎഫ് പ്രസിഡന്റ് തോക്കർ പറഞ്ഞത്.
പുൽവാമ ആക്രമണത്തിൻറെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമിയെ കശ്മീരിൽ നിരോധിച്ചത്
അന്ന് സംഘടനയിലുണ്ടായിരുന്ന ഒമ്പത് അംഗങ്ങൾ ആണ് ഇപ്പോൾ പാർട്ടിയുടെ പുതിയ ഭാരവാഹികൾ. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മുഖ്യധാരാ രാഷ്ട്രീയക്കാരായി പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യുകയാണെന്ന് നേതാക്കൾ പറഞ്ഞു.











Discussion about this post