26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി ആവശ്യപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമായി തുടരുമ്പോഴും, ആവശ്യം ഉന്നയിക്കുന്നത് മാറ്റിവയ്ക്കുമെന്നും മനുഷ്യജീവിതത്തെ ഒരു രാഷ്ട്രീയ വിലപേശൽ ചിപ്പാക്കി മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.ആക്രമണം ഇന്ത്യക്കാരെ ഒന്നിപ്പിച്ചുവെന്നും ഇനി ഭീകരാക്രമണത്തിന്റെ വേരറുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ആലോചിച്ച് വേദനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഭീകരർ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ പേരുകൾ ഉറക്കെ വായിച്ചു. ഇവിടെ എത്തിയ വിനോദസഞ്ചാരികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഭീകരവാദം എളുപ്പത്തിൽ തുടച്ചുമാറ്റാൻ സാധിക്കും. ഇതൊരു തുടക്കം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകളെ അകറ്റുന്ന ഒരു നടപടിയും നാം സ്വീകരിക്കരുത്. തോക്ക് ഉപയോഗിച്ച് ഒരു തീവ്രവാദിയെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ ആളുകൾ നമ്മോടൊപ്പമുണ്ടെങ്കിൽ നമുക്ക് തീവ്രവാദം അവസാനിപ്പിക്കാൻ കഴിയും. ആ സമയം വന്നിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.ഭീകരാക്രമണത്തിനിടെ വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം സുരക്ഷ പോലും മറന്ന് പ്രവർത്തിച്ച കശ്മീരികളെ പ്രകീർത്തിക്കാനും അദ്ദേഹം മറന്നില്ല.
26 വർഷത്തിനിടെ ആദ്യമായി ജനങ്ങൾ ഭീകരവാദത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിച്ചു. കശ്മീർ സന്ദർശിക്കാൻ എത്തുന്നവരുടെ സുരക്ഷ തന്റെ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യ ഉൾപ്പെടെ ഉള്ളവർ തങ്ങൾ എന്ത് കുറ്റം ചെയ്തുവെന്നാണ് ചോദിക്കുന്നത്. അതിന് കൃത്യമായ മറുപടി എന്റെ കയ്യിലില്ല. സംസ്ഥാന പദവി ആവശ്യപ്പെടാൻ ഈ നിമിഷം താൻ ഉപയോഗിക്കില്ലെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
‘സംസ്ഥാന പദവി ആവശ്യപ്പെടാൻ ഞാൻ ഈ നിമിഷം ഉപയോഗിക്കില്ല. പഹൽഗാമിനുശേഷം, ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെടാൻ എനിക്ക് എന്ത് മുഖമാണുള്ളത്? നമ്മൾ മുമ്പ് സംസ്ഥാന പദവിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, ഭാവിയിലും അങ്ങനെ ചെയ്യും, പക്ഷേ 26 പേർ മരിച്ചുവെന്ന് കേന്ദ്ര സർക്കാരിനോട് പറഞ്ഞാൽ അത് എന്റെ ഭാഗത്തുനിന്ന് ലജ്ജാകരമായിരിക്കും,’ അദ്ദേഹം പറഞ്ഞു.
ഈ സംഭവം രാജ്യത്തെയാകെ ബാധിച്ചു. 21 വർഷത്തിനു ശേഷമാണ് ബൈസാരനിൽ ഇത്രയും വലിയ തോതിലുള്ള ആക്രമണം നടന്നത്.. മരിച്ചവരുടെ കുടുംബങ്ങളോട് എങ്ങനെ ക്ഷമ ചോദിക്കണമെന്ന് എനിക്കറിയില്ലായിരുന്നു… ആതിഥേയനെന്ന നിലയിൽ, വിനോദസഞ്ചാരികളെ സുരക്ഷിതമായി തിരിച്ചയയ്‌ക്കേണ്ടത് എന്റെ കടമയായിരുന്നു. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ക്ഷമ ചോദിക്കാൻ എനിക്ക് വാക്കുകളില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post