ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദ്ദേശം. പരമാവധി പേരെ ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പോലീസിനും ലഭിച്ച നിർദ്ദേശം. ജീവനോടെ ഭീകരരെ ലഭിച്ചാൽ ഇവർ പാകിസ്താനിൽ നിന്ന് എത്തിയവരാണെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. മുംബൈ ആക്രമണത്തിൽ,അജ്മൽ കസബ് പിടിയിലായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇത് മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം
ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നതായി വിവരം ലഭിച്ചുവെന്ന് അവകാശപ്പെട്ട് പാകിസ്താൻ. ഇന്ത്യ തങ്ങളെ ആക്രമിക്കാൻ സർവ്വസന്നാഹങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് പാകിസ്താൻ പറയുന്നത്. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്താൻ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാൻ ഇടപെടൽ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന് സൈനികതലത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോൾ, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങൾക്ക് നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി സൈന്യത്തിന് അനുവാദം നൽകിയത്
Discussion about this post