ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത്. കോൺഗ്രസിന്റെ പോസ്റ്ററിനെ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും തള്ളിയ പ്രധാനമന്ത്രി നരേന്ദ്രമോദി എവിടേക്കും മറഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിലുണ്ടെന്ന് തനിക്ക് അറിയാമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരവാദികൾക്കും അവരെ പിന്താങ്ങുന്നവർക്കും എതിരായുള്ള പോരാട്ടത്തിൽ നമ്മൾ പ്രധാനമന്ത്രിക്ക് പൂർണപിന്തുണയും അറിയിച്ചതാണ്. പിന്നീട് അതിനെ നമ്മൾ ചോദ്യം ചെയ്യാൻ പാടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു പ്രധാനമന്ത്രി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണോ അതൊക്കെ മോദി ചെയ്തേ പറ്റൂയെന്ന് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
പാകിസ്താന്റെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘നമ്മുടെ കൈയിലും ആണവ ശക്തി ഉണ്ട്. പാകിസ്താൻ സ്വന്തമാക്കുന്നതിനും മുമ്പേ നമ്മൾ അത് സ്വന്തമാക്കിയതാണ്. ഇന്ത്യ ഇതുവരെയും ആരെയും ആദ്യം അങ്ങോട്ടുകയറി ആക്രമിച്ചിട്ടില്ല. ഇതെല്ലാം ആരംഭിച്ചത് പാകിസ്താനിൽ നിന്നാണ്, അതിന് പ്രതികരിക്കുക മാത്രമാണ് നമ്മൾ ചെയ്തിട്ടുള്ളത്. ആണവായുധം പ്രയോഗിക്കുന്നതിലും നമ്മുടെ നയം അങ്ങനെതന്നെയാവും. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ ദൈവം സഹായിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.
നേരത്തെ ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതിയും കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടികളും ഒന്നിച്ച് സർക്കാരിനൊപ്പം നിൽക്കണം. പോസ്റ്ററുകളും പ്രസ്താവനകളും മറ്റും ഉപയോഗിച്ച് വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കരുത്. കാരണം ഇത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് രാജ്യ താത്പര്യത്തിന് നല്ലതല്ലെന്ന് മായാവതി വ്യക്തമാക്കി. ഭീകരാക്രമണത്തിൽ നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടിയിലും എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഏറ്റവും ആദരണീയനായ ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറെ ഈ സാഹചര്യത്തിൽ അപമാനിക്കരുത്. പ്രത്യേകിച്ച് എസ്പിയും കോൺഗ്രസും ഇത് പ്രത്യേകം ശ്രദ്ധിക്കണം, അല്ലാത്തപക്ഷം ബിഎസ്പി അവർക്കെതിരെ തെരുവിലിറങ്ങാമെന്ന് അവർ വ്യക്തമാക്കി.
മോദിയുടെ ശരീരത്തിൽ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യൻ’ എന്നെഴുതിച്ചേർത്ത ചിത്രമായിരുന്നു കോൺഗ്രസ് പങ്കുവെച്ചത്. കോൺഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും അവർ ചിത്രം പിൻവലിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് നിലപാട് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. കോൺഗ്രസ് അതിന്റെ രണ്ട് മുഖങ്ങൾ വെളിപ്പെടുത്തുകയാണെന്നും കോൺഗ്രസ്, ലഷ്‌കർ- ഇ-പാകിസ്ഥാൻ കോൺഗ്രസ് ആയി മാറിയതായും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഭാരതത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും അത് നിരന്തരം അതിന്റെ രണ്ട് മുഖങ്ങൾ വെളിപ്പെടുത്തുകയും ലഷ്‌കർ ഇ പാകിസ്ഥാൻ കോൺഗ്രസായി മാറുകയും ചെയ്യുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post