വാഷിംഗ്ടൺ : ഇന്ത്യയ്ക്ക് 131 മില്യൺ ഡോളറിന്റെ സൈനിക ഹാർഡ്‌വെയറുകൾ വിതരണം ചെയ്യാൻ അംഗീകാരം നൽകി യുഎസ് ഭരണകൂടം. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് മുതൽക്കൂട്ടാവുന്ന തീരുമാനമാണ് യുഎസ് കൈകൊണ്ടിരിക്കുന്നത്. 131 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന നിർണായക സൈനിക ഹാർഡ്‌വെയറും ലോജിസ്റ്റിക് സപ്പോർട്ട് ആസ്തികളും യുഎസ് ഉടൻ തന്നെ ഇന്ത്യയ്ക്ക് കൈമാറും.
പെന്റഗണിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (DSCA) സൈനിക സാമഗ്രികൾക്ക് ആവശ്യമായ സർട്ടിഫിക്കേഷൻ നൽകുമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഇന്തോ-പസഫിക് മാരിടൈം ഡൊമെയ്ൻ അവയർനെസ് പ്രോഗ്രാമിന്റെ ചട്ടക്കൂടിന് കീഴിലുള്ള ഇന്ത്യ-യുഎസ് സഹകരണവുമായി ബന്ധപ്പെട്ടാണ് ഈ സൈനിക സാമഗ്രികളുടെ വിതരണം എന്നും യുഎസ് ഭരണകൂടം വ്യക്തമാക്കുന്നു.
സീ-വിഷൻ സോഫ്റ്റ്‌വെയർ, റിമോട്ട് സോഫ്റ്റ്‌വെയർ, അനലിറ്റിക് സപ്പോർട്ട് എന്നിവ വാങ്ങാൻ ഇന്ത്യ ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗികക്കുറിപ്പ് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് നൽകുന്ന സൈനിക ഹാർഡ്‌വെയർ, സമുദ്ര മേഖലയെക്കുറിച്ചുള്ള അവബോധം, വിശകലന ശേഷി, തന്ത്രപരമായ നിലപാട് എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ, നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള രാജ്യത്തിന്റെ കഴിവ് വർദ്ധിപ്പിക്കുമെന്നും ഭരണകൂടം വ്യക്തമാക്കുന്നു.
Discussion about this post