ന്യൂഡൽഹി : പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ഇന്ത്യ. പാകിസ്താനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചതായി വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. മെയ് 2 ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം എന്ന് വ്യക്തമാക്കുന്നു.
2023 ലെ വിദേശ വ്യാപാര നയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ തീരുമാനം എടുത്തിരിക്കുന്നത്.
“പാകിസ്താനിൽ നിന്ന് ഉത്ഭവിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതിയോ ഗതാഗതമോ നിരോധിക്കുന്നതിനുള്ള വ്യവസ്ഥ 2023 ലെ വിദേശ വ്യാപാര നയത്തിൽ (FTP) ചേർത്തിട്ടുണ്ട്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇത് ഉടനടി പ്രാബല്യത്തിൽ വരും” എന്നാണ് വാണിജ്യമന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. നേരിട്ടുള്ള ഇറക്കുമതിയ്ക്കും അല്ലെങ്കിൽ മൂന്നാം രാജ്യം വഴിയുള്ള പരോക്ഷമായ ഇറക്കുമതിക്കും ബാധകമാണ് ഈ പുതിയ ഉത്തരവ്.
പാകിസ്താനിൽ ഇനി ഏതെങ്കിലും വിധത്തിലുള്ള വസ്തുവകകളുടെ ഇറക്കുമതി ആവശ്യമാണെങ്കിൽ അതിന് ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തി അടച്ചിട്ടതിന് പിന്നാലെയാണ് മൂന്നാം രാജ്യങ്ങൾ വഴിയുള്ള പരോക്ഷ വ്യാപാരവും നിരോധിച്ചു കൊണ്ട് കേന്ദ്ര വാണിജ്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post