ഷിംല : ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്ഥിതിചെയ്യുന്ന സഞ്ജൗലി പള്ളിയുടെ നാല് നിലകളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് മുനിസിപ്പൽ കോർപ്പറേഷൻ. സഞ്ജൗലി പള്ളിയുടെ മുഴുവൻ നിർമ്മാണവും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ഷിംല മുനിസിപ്പൽ കോർപ്പറേഷന്റെ ഈ നീക്കം. ഹിമാചൽ പ്രദേശ് വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഈ പള്ളിക്കും പള്ളി സ്ഥിതി ചെയ്യുന്ന ഭൂമിക്കും കഴിഞ്ഞ 15 വർഷമായി ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു സാധുവായ രേഖയും ഇല്ലെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.
സാധുവായ കെട്ടിട അനുമതി, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി), അംഗീകൃത ഭൂപടം എന്നിവയുൾപ്പെടെ ആവശ്യമായ അനുമതികളില്ലാതെയാണ് പള്ളി നിർമ്മിച്ചതെന്നും ഇത് മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. നേരത്തെ പള്ളിയുടെ മുകൾ നിലകളിലെ നിർമ്മാണം മാത്രമാണ് അനധികൃതമാണെന്ന് കരുതപ്പെട്ടിരുന്നത്. എന്നാൽ കോടതിയുടെ പരിശോധനയിൽ പള്ളിയുടെ നിർമ്മാണം പൂർണമായും നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു.
2024 ഒക്ടോബർ 5 ന് സഞ്ജൗലി പള്ളിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകൾ പൊളിക്കുന്നതിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സഞ്ജൗലി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നം ആറ് ആഴ്ചയ്ക്കുള്ളിൽ പരിഹരിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മുനിസിപ്പൽ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുനിസിപ്പൽ കോർപ്പറേഷൻ പള്ളി പൂർണ്ണമായും പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
Discussion about this post