പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് നിമിഷവും പ്രത്യാക്രമണം നടത്താനുള്ള ക്രമീകരണങ്ങൾ സജീകരിച്ച് വ്യോമ,നാവിക കരസേനകൾ. നിർദ്ദേശം ലഭിച്ചാലുടനെ ഒരു നിമിഷം വൈകാതെ ആക്രമണം നടത്താനുള്ള രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയത്.
അതിവേഗ ആക്രമണത്തിന് വ്യോമസേനാ റഫാൽ പോർ വിമാനങ്ങൾ സജ്ജമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. റഫാൽ പോർ വിമാനങ്ങളിൽനിന്ന് സ്‌കാൽപ്പ്, മീറ്റിയോർ, ഹാമ്മർ മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാൻ കഴിയും. പടിഞ്ഞാറൻ മേഖലയിലെ എയർ ബേസുകളിലെ ഓപ്പറേഷൻ റെഡിനെസ്സ് പ്ലാറ്റഫോമുകളുടെ എണ്ണം വ്യോമസേന വർദ്ധിപ്പിച്ചു. ഇതോടെ എപ്പോൾ വേണമെങ്കിലും ടേക് ഓഫ് ചെയ്യാൻ പാകത്തിന് മിസൈലുകൾ ഉൾപ്പടെ സജ്ജമാക്കിയ രണ്ടോ മൂന്നോ പോർ വിമാനങ്ങൾ എയർ ബേസിന് സമീപത്തെ ഈ പ്ലാറ്റ്‌ഫോമുകളിൽ സജ്ജമാക്കി നിറുത്തിയിരിക്കുകയാണ്.
കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാകിസ്താനെതിരായ സൈനിക നടപടികൾക്ക് സേനാവിഭാഗങ്ങൾ സജ്ജമാണെന്ന് സേനാ മേധാവികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്.
Discussion about this post