സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തി.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ നടപടി. ഫുൾ കോർട്ടിന്റെ തീരുമാനമനുസരിച്ച് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വെസ്ബൈറ്റിൽ നൽകിയിട്ടുള്ളതായി സുപ്രീം കോടതി അറിയിച്ചു. 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്ത് വിവരങ്ങളാണ് പരസ്യപ്പെടുത്തിയത്.വെളിപ്പെടുത്തിയ സ്വത്തുക്കളിൽ വ്യക്തിഗത സ്വത്തുക്കളും പങ്കാളിയുടെ സ്വത്തുക്കളും ആശ്രിതരുടെ സ്വത്ത് വിവരങ്ങളും ഉൾപ്പെടുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബർ ഒൻപത് മുതൽ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയാളവിൽ 221 പേരാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്.
സുപ്രീം കോടതി ജഡ്ജിമാരിൽ സമ്പന്നൻ ജസ്റ്റിസ് കെ.വി. വിശ്വനാഥനാണ്. 120.96 കോടി രൂപയുടെ നിക്ഷേപമാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥനുള്ളത്. 2010 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജസ്റ്റിസ് വിശ്വനാഥൻ 91.47 കോടി രൂപ ആദായ നികുതി അടച്ചതായും സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2009 ഏപ്രിലിൽ സീനിയർ അഭിഭാഷകനായി ഡെസിഗിനെറ്റ് ചെയ്യപ്പെട്ട കെ.വി. വിശ്വനാഥൻ 2023 മെയിൽ ആണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപെട്ടത്.
നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നിക്ഷേപം 42.77 ലക്ഷം, ബാധ്യത 1.3 കോടി സുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയ്ക്ക് മഹാരാഷ്ട്രയിലെ അമരാവതി, മുംബൈയിലെ ബാന്ദ്ര, ന്യൂ ഡൽഹിയിലെ ഡിഫൻസ് കോളണി എന്നിവിടങ്ങളിൽ അപ്പാർട്‌മെന്റുകൾ ഉണ്ട്. ഇതിന് പുറമെ അമരാവതി, നാഗ്പൂർ എന്നിവിടങ്ങളിൽ കാർഷിക ഭൂമിയും ഉണ്ട്. എന്നാൽ, ഷെയറുകൾ, പ്രോവിഡന്റ് ഫണ്ടുകൾ എന്നിവയിൽ ഉൾപ്പടെ ഗവായിക്ക് നിക്ഷേപം 42.77 ലക്ഷം രൂപയാണ്. ബാധ്യത 1.3 കോടി രൂപ ഉണ്ടെന്നും സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്ന കണക്കുകളിൽ വിശദീകരിച്ചിട്ടുണ്ട്.
Discussion about this post