ചണ്ഡീഗഡ് : പാകിസ്താന്റെ ഐഎസ്‌ഐ പിന്തുണയോടെ പഞ്ചാബിൽ പ്രവർത്തിച്ചിരുന്ന ഭീകര ശൃംഖല സുരക്ഷാസേന തകർത്തു. പഞ്ചാബ് പോലീസിന്റെ അമൃത്സറിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെല്ലും സുരക്ഷാസേനയുമായി ചേർന്നാണ് ഭീകരശൃംഗല തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
പഞ്ചാബിലെ എസ്‌ബിഎസ് നഗർ ജില്ലയിലെ ടിബ്ബ നംഗൽ-കുലാർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ വനപ്രദേശത്ത് ഇന്റലിജൻസ് നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ആയുധ, സ്ഫോടക വസ്തു ശേഖരം കണ്ടെടുത്തത്. രണ്ട് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (ആർപിജികൾ), രണ്ട് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ), അഞ്ച് പി -86 ഹാൻഡ് ഗ്രനേഡുകൾ, ഒരു വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.
പഞ്ചാബിലുള്ള സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാൻ ഐഎസ്‌ഐയും അനുബന്ധ ഭീകര സംഘടനകളും ഏകോപിപ്പിച്ച ശ്രമം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. ഭീഷണികളെ നിർവീര്യമാക്കുന്നതിനും സംസ്ഥാനത്തിന്റെ സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും പഞ്ചാബ് പോലീസ് ശക്തമായ നടപടികൾ തുടരുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.
Discussion about this post