പഹൽഗാമിലേറ്റ മുറിവിന് തിരിച്ചടി നൽകിയിരിക്കുകയാണ് ഭാരതം.മതം ചോദിച്ച് കുടുംബത്തിലെ പുരുഷന്മാരുടെ ജീവനെടുത്ത ഇസ്ലാമിക ഭീകരതയുടെ അടിവേരറുക്കാൻ മിസൈലുകൾ വർഷിച്ചത് ഓപ്പറേഷൻ സിന്ദൂരിലൂടെ. ഭാരതസ്ത്രീകളെ കണ്ണീകുകുടിപ്പിച്ചവർക്ക് തക്കതായ മറുപടി നൽകാൻ രാജ്യം നിയോഗിച്ച സംഘത്തിലെ പ്രധാനികൾ രണ്ട് സ്ത്രീകളായിരുന്നു. ശത്രുവിന്റെ പാളയത്തിൽ കയറിയുള്ള സംഹാരത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാനായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഈ നാരിശക്തികൾ ഭാരതത്തിന്റെ ആശിർവാദവും ഏറ്റുവാങ്ങി. ഇന്ത്യൻസേനയുടെ കരുത്തിന്റെ മുഖങ്ങളാണ് കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്ങും. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ നമ്മൾ മറുപടി കൊടുത്തുവെന്ന് ലോകത്തെ അറിയിക്കുമ്പോൾ അവരുടെ ശബ്ദവും വാക്കുകളും ഉറച്ചതായിരുന്നു.
ഗുജറാത്തിലെ വഡോദരയിൽ വേരുകളുള്ള സോഫിയ ഖുറേഷിയുടെ കുടുംബം സൈനിക പശ്ചാത്തലമുളളവരാണ്. സോഫിയയുടെ പിതാവും മുത്തശ്ശനും സേനയിൽ പ്രവർത്തിച്ചവരാണ്. ആ പാത പിന്തുടർന്നാണ് സോഫിയ ഖുറേഷി ഇന്ത്യൻ സൈന്യത്തിലെത്തുന്നത്. 1999-ൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ സൈന്യത്തിൽ ചേർന്നത്.ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്‌നൽസിലെ ആദ്യ വനിതാ ഓഫീസറെന്ന ചരിത്രം കേണൽ സോഫിയ ഖുറേഷിയുടെ പേരിലാണ്. ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഇന്ത്യൻ കരസേനാ സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസറും അവർ തന്നെ. 2016 മാർച്ചിൽ, പുണെയിൽ നടന്ന എക്സർസൈസ് ഫോഴ്‌സ് 18 എന്ന സൈനിക അഭ്യാസത്തിൽ 40 അംഗ ഇന്ത്യൻ സംഘത്തെ അവർ നയിച്ചു. അന്ന് കേവലം 35 വയസ് മാത്രമായിരുന്നു അവരുടെ പ്രായം. കെമിസ്ട്രിയിൽ ബിരുദനന്തര ബിരുദധാരിയാണ് സോഫിയ. ആസിയാൻ അന്താരാഷ്ട്ര സൈനിക അഭ്യാസ ക്യാംപിൽ ഇന്ത്യൻ സേനയെ നയിച്ച ആദ്യ വനിതാ ഓഫീസറാണ് സോഫിയ ഖുറേഷി.
യുഎൻ സമാധാന സേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയവും സോഫിയക്ക് ഉണ്ട്. 2006-ൽ കോംഗോയിലെ യുഎസ് പീസ് മിഷന്റെ ഭാഗമായിരുന്നു.പഞ്ചാബ് അതിർത്തിയിലെ ‘ഓപ്പറേഷൻ പരാക്രമി’ൽ സജീവ പങ്കാളിയായിരുന്നു അവർ, അതിന് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫിൽ നിന്ന് അഭിനന്ദന കാർഡ് ലഭിച്ചു. വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പങ്കാളിത്വമികവിനും അംഗീകാരം ലഭിച്ചു.സോഫിയയുടെ ഭർത്താവ് മേജർ താജുദ്ദീൻ ഖുറേഷി മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഉദ്യോഗസ്ഥനാണ്.
ആകാശത്തിന്റെ മകൾ എന്ന് രാജ്യം വിളിപ്പേരിട്ടയാളാണ് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ വ്യോമിക സിംഗ്. എഞ്ചിനീയറിംഗ് പഠനത്തിനുശേഷമാണ് വ്യോമിക സൈന്യത്തിൽ ചേരുന്നത്. 2004ൽ 21-ാമത് ഷോർട്ട് സർവിസ് കമ്മിഷൻ (വനിതാ) ഫ്‌ലൈയിങ് പൈലറ്റ് കോഴ്സിലൂടെയാണ് ഐഎഎഫിൽ ചേർന്നത്.2019 ഡിസംബറിലാണ് ഹെലികോപ്റ്റർ പൈലറ്റായുളള പെർമനന്റ് കമ്മീഷൻ വ്യോമികയ്ക്ക് ലഭിച്ചത്. 2500 ഫ്ളയിംഗ് മണിക്കൂറുകളാണ് വ്യോമികയുടെ റെക്കോർഡിലുളളത്. ജമ്മുകശ്മീരിലെ വടക്കുകിഴക്കൻ മേഖല ഉൾപ്പെടെ ഇന്ത്യയിലെ വെല്ലുവിളിനിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ വ്യോമിക പറത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിലും വ്യോമിക സിംഗ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് മണിരംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സർവ്വീസസ് മൗണ്ടനീറിംഗ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക സിംഗ്. 2020-ൽ അരുണാചൽ പ്രദേശിൽ നടന്ന രക്ഷാപ്രവർത്തനത്തില പങ്കാളിയായിരുന്നു.
Discussion about this post