കടുവയെ പിടിക്കുന്ന കിടുവയെന്ന കേട്ടിട്ടില്ലേ ? പ്രതിരോധ മേഖലയിലെ കിടുവ ഏതെന്ന ചോദ്യത്തിന് ഇപ്പോൾ ഒറ്റ ഉത്തരമെയുള്ളൂ- റഷ്യയുടെ എസ് -400. ഫൈറ്റർ വിമാനങ്ങളാകട്ടെ ആധുനിക മിസൈലുകളാകട്ട ഇവന്റെ പരിധിയിലെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാകും.ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഈ വ്യോമ പ്രതിരോധ സംവിധാനം ഒന്നര ട്രില്യൺ ഡോളർ ചെലവാക്കി അമേരിക്ക കണ്ടുപിടിച്ച എഫ് -35 പോർ വിമാനത്തെപ്പോലും നിമിഷങ്ങൾക്കുള്ളിൽ ഭസ്മമാക്കും. ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന്റെ കരുത്തിലൊന്നായ എസ്-400 ആദ്യമായി പ്രയോഗിച്ചതാകട്ടെ ഇപ്പോൾ പാകിസ്താന് നേരെയും. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് പാഞ്ഞെടുത്ത മിസൈലുകളെയാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനം പുഷ്പം പോലെ തകർത്തത്. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തര്‌ലൈ, ഭുജ് എന്നിവടങ്ങളാണ് പാക് സൈന്യം ലക്ഷ്യം വച്ചത്.
ഏറെ പ്രത്യേകതകൾ ഉള്ളതാണ് ഇന്ത്യയുടെ സ്വന്തമായ എസ്-400.600 കിലോമീറ്റർ പരിധിയിലെത്തുമ്പോൾ തന്നെ ശത്രു വിമാനങ്ങളുടെ സാന്നിദ്ധ്യം എസ് -400 മനസ്സിലാക്കും . മൂന്ന് വ്യത്യസ്ത മിസൈലുകൾ ശത്രുവിനെതിരെ തൊടുക്കാൻ ഉടൻ തയ്യാറാകും. ദീർഘദൂര മിസൈലായ 40 എൻ 6 , മദ്ധ്യ ദൂര മിസൈലായ 48 എൻ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ. അത്യാധുനികമായ റഡാർ സംവിധാനം ഉടൻ തന്നെ ശത്രുവിന്റെ ദൂരപരിധിയും സ്വഭാവവും മനസ്സിലാക്കി ആവശ്യമായ മിസൈൽ വിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നു. നിമിഷങ്ങൾക്കുള്ളിൽ പറന്നുയരുന്ന മിസൈൽ ശത്രുവിനെ ആകാശത്തുവച്ച് തന്നെ ഭസ്മമാക്കും. വ്യത്യസ്ത ശ്രേണിയിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ള എസ്400ന് മണിക്കൂറിൽ 17,000 കിലോമീറ്റർ സ്പീഡിൽ വരുന്ന മിസൈലിനെപ്പോലും തകർക്കാൻ കഴിയും. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, 400 കിലോമീറ്റർ വരെ അകലത്തിൽ പറക്കുന്ന ആളില്ലാ വിമാനങ്ങൾ എന്നിവയെയും നേരിടാൻ സാധിക്കും.
ഇനി എസ്.400 നെ ആക്രമിച്ച് തകർക്കാമെന്ന് കരുതിയാൽ തന്നെ അത്ര എളുപ്പമല്ല. മോർഫിയസ് എന്ന ഒരു സ്വയം പ്രതിരോധ സംവിധാനവും ഇതിന്റെ ഭാഗമാണ്. ദീർഘ ദൂര റഡാർ വേധ മിസൈലുകളിൽ നിന്നും ക്രൂയിസ് മിസൈലുകളിൽ നിന്നും ട 400 സംവിധാനത്തെ സംരക്ഷിക്കാൻ കഴിവുള്ള ശക്തമായ ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് മോർഫിയെസ്സ്. മാത്രമല്ല എല്ലാ ഭാഗങ്ങളും വളരെ പെട്ടെന്ന് സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത് .മിസൈൽ ലോഞ്ചറുകളും റഡാറുകളും സ്വയം പ്രതിരോധ സംവിധാനവുമെല്ലാം വളരെ വേഗം സഞ്ചരിക്കാൻ കഴിവുള്ളവയാണ് .അതിനാൽ തന്നെ ഇവയെ കണ്ടുപിടിക്കാനും നശിപ്പിക്കാനും ശത്രുവിന് വളരെ ബുദ്ധി മുട്ടേണ്ടി വരും.
നേരത്തെ എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ റഷ്യയിലെത്തിയിരുന്നു. റഷ്യൻ മിലിട്ടറിയിൽ നിന്നുള്ള സംയുക്ത സംഘമാണ് സൈനികർക്ക് പരിശീലനം നൽകിയത്.. പാകിസ്താൻ,ചൈനീസ് അതിർത്തികളിലാണ് ഇവ വിന്യസിച്ചിട്ടുള്ളത്.
Discussion about this post