ന്യൂഡൽഹി : പാകിസ്താന്റെ വ്യോമപ്രതിരോധ റഡാർ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത് ഇസ്രായേൽ നിർമിത ഡ്രോൺ. ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ഹാർപ്പി ഡ്രോൺ ആണ് പാക് പ്രതിരോധ സംവിധാനത്തെ തകർക്കാൻ ഇന്ത്യ ഉപയോഗിച്ചത്. ശത്രുവിന്റെ റഡാർ സംവിധാനങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും നശിപ്പിക്കുന്നതിനായാണ് ഹാർപ്പി ഡ്രോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം കറാച്ചിയിൽ ഇന്ത്യ ഹാർപിയുടെ കൂടുതൽ മെച്ചപ്പെട്ട പതിപ്പായ ഹാരോപ് ആണ് ഉപയോഗിച്ചത് ആണ് പാകിസ്താൻ പറയുന്നത്.
ലോകത്തിലെ ഏറ്റവും മാരകമായ ഡ്രോണുകളിൽ ഒന്നാണ് ഹാർപ്പി. നിരീക്ഷണത്തിനും കൃത്യമായ ആക്രമണത്തിനും പേരുകേട്ടതാണിത്. ആക്രമണത്തിന് ശേഷം സ്വയം നശിപ്പിക്കപ്പെടുന്നതിനാൽ ഹാർപ്പി ഡ്രോണിനെ ഫയർ ആൻഡ് ഫോർഗെറ്റ് മിസൈൽ എന്നും വിളിക്കുന്നു. 2000-ൽ അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ് ഇസ്രായേൽ ഹാർപ്പി ഡ്രോണുകൾ ഇന്ത്യയ്ക്ക് നൽകിയിരുന്നത്.
1980 കളിൽ ആണ് ഇസ്രായേൽ ഹാർപ്പി ഡ്രോണുകൾ ആദ്യമായി വികസിപ്പിച്ചെടുത്തത്. ശത്രു റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യം വച്ചുള്ള ശത്രു വ്യോമ പ്രതിരോധ (SEAD) ദൗത്യങ്ങൾ അടിച്ചമർത്തുന്നതിനായാണ് ഇത് ആദ്യം രൂപകൽപ്പന ചെയ്തത്. പിന്നീട് ഹാർപ്പിയുടെ മെച്ചപ്പെടുത്തിയ പതിപ്പായ ഹാരോപ്പ് വികസിപ്പിച്ചെടുത്തു. കൂടുതൽ നൂതന സെൻസറുകളും ദീർഘ ദൂരം സഞ്ചരിക്കുന്നതിനുള്ള ശേഷിയും ഉള്ളതാണ് ഹാരോപ്പ് ഡ്രോണുകൾ. ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ സജ്ജീകരിച്ചിട്ടുള്ള ഹാരോപ്പ് ഡ്രോണുകളും ഇന്ത്യയുടെ കൈവശമുണ്ട്. കറാച്ചിയിൽ നിന്നും ഹാരോപ്പ് ഡ്രോണുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി പാകിസ്താൻ സൈന്യം വെളിപ്പെടുത്തിയിരുന്നു.
Discussion about this post