ശ്രീനഗർ : ജമ്മുവിലും പഞ്ചാബിലും വ്യോമാക്രമണവുമായി പാകിസ്താൻ. ജമ്മു വിമാനത്താവളവും സമീപത്തുള്ള നിരവധി പ്രദേശങ്ങളും പാകിസ്താൻ ലക്ഷ്യം വെച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം തീർത്ത കനത്ത പ്രതിരോധത്തിൽ നിരവധി മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തു.
ജമ്മു വിമാനത്താവളത്തിന് മുകളിലൂടെ പറന്ന പാകിസ്താൻ ഡ്രോണുകൾ ഇന്ത്യ വെടിവച്ചിട്ടു.
ആക്രമണ സാഹചര്യം കണക്കിലെടുത്ത് ജമ്മുവിൽ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചു. ജമ്മു ഡിവിഷനിലെ കിഷ്ത്വാറിൽ പൂർണ്ണമായ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ജില്ലയിലുടനീളം സൈറണുകൾ കേൾക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രാത്രിയിലും പാകിസ്താൻ സേന നിരവധി സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യൻ പ്രതിരോധ സംവിധാനം ഇതെല്ലാം പൂർണമായി തകർത്തിരുന്നു. വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങൾ തകർക്കാനാണ് പാകിസ്താൻ ശ്രമിച്ചിരുന്നത്. ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണങ്ങൾ തടഞ്ഞത്. ഇന്ത്യയിലേക്ക് നീങ്ങുന്ന ലക്ഷ്യങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേനയുടെ എസ്-400 സുദർശൻ ചക്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് 15 നഗരങ്ങളെ ലക്ഷ്യം വെച്ച ആക്രമണങ്ങളാണ് ഇന്ത്യ തകർത്തത്.
Discussion about this post