ഒരു സ്ത്രീക്ക് പുരുഷനോടുള്ള മുൻകാല അടുപ്പം എല്ലാക്കാലത്തേക്കുമുള്ള ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാൾ ലൈംഗിക ബന്ധത്തിൽ നിർബന്ധിക്കുന്നത് തെറ്റാണെന്നുംഅത് ബലാത്സംഗം തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ നിതിൽ ബി സൂര്യവംശി, എം ഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിലയിരുത്തൽ.
ഒരു സ്ത്രീ നോ എന്ന് പറഞ്ഞാൽ നോ തന്നെയാണ്. ഓരോ സാഹചര്യത്തിലും സമ്മതം എന്നത് വ്യക്തവും നിർദ്ദിഷ്ടവുമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സന്ദർഭത്തിൽ ലൈംഗിക ബന്ധത്തിന് സമ്മതം നൽകുന്ന സ്ത്രീ മറ്റെല്ലാ സന്ദർഭങ്ങളിലും അതേ പുരുഷനുമായി ലൈംഗിക ബന്ധത്തിന് സമ്മതം നൽകണമെന്നില്ല.
2014ൽ ചന്ദ്രപൂരിൽ നടന്ന കൂട്ടബലാത്സംഗത്തിൽ മൂന്ന് പുരുഷന്മാരുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വസീം ഖാൻ, ഷെയ്ഖ് കാദിർ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
പ്രതികളുടെ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച കോടതി, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഇരുവർക്കും സന്തോഷം നൽകിയേക്കാമെന്നും എന്നാൽ സമ്മതമില്ലാതെയാണെങ്കിൽ അത് അവരുടെ ശരീരത്തിനും മനസ്സിനും സ്വകാര്യതയ്ക്കും നേരെയുള്ള ആക്രമണമാണെന്നും നിരീക്ഷിച്ചു.
Discussion about this post