ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരായ നിലപാട് ഉറപ്പിച്ചു വ്യക്തമാക്കി പാകിസ്താൻ ക്രിക്കറ്റ് താരം ബാബർ അസം. ഭൂമിയിലെ ഒരു ശക്തിക്കും പാകിസ്താനെ നശിപ്പിക്കാൻ കഴിയില്ല എന്ന് ബാബർ അസം തന്റെ സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവെച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിലാണ് പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ബാബർ അസം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പാകിസ്താനെ നശിപ്പിക്കാൻ കഴിയുന്ന ഒരു ശക്തിയും ഭൂമിയിലില്ല എന്നത് മുഹമ്മദ് അലി ജിന്നയുടെ വാക്കുകളാണ്. ഇതാണ് ബാബർ അസം തന്റെ സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവെച്ചത്. വ്യാഴാഴ്ച റാവൽപിണ്ടി സ്റ്റേഡിയത്തിൽ ബാബറിന്റെ ടീം അവരുടെ പിഎസ്എൽ മത്സരം കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ആക്രമണത്തിൽ സ്റ്റേഡിയം തകർന്ന സാഹചര്യത്തിൽ പാകിസ്താൻ സൂപ്പർ ലീഗിന്റെ എല്ലാ മത്സരങ്ങളും യുഎഇയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബാബർ അസം സമൂഹമാധ്യമങ്ങളിലൂടെ പാകിസ്താന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ അതിക്രൂരമായ ആക്രമണം നടത്തി 26 നിരപരാധികളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇനിയും പാകിസ്താനും തമ്മിൽ കനത്ത സംഘർഷത്തിലേക്ക് നീങ്ങിയത്. ഭീകരവാദികൾക്ക് ഒളിത്താവളവും സുരക്ഷയും ഒരുക്കുന്ന പാകിസ്താനെതിരെ ആദ്യഘട്ടത്തിൽ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി റദ്ദാക്കിയ നടപടിയാണ് സ്വീകരിച്ചത്. തുടർന്ന് മെയ് 7 ന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിരവധി ഭീകരർ കൊല്ലപ്പെടുകയും അവരുടെ താവളങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഭീകരർക്കെതിരായ ഇന്ത്യയുടെ ഈ നടപടിയാണ് പാകിസ്താൻ ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് കാരണമാക്കുന്നത്.
Discussion about this post