ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ഇന്ത്യ. ജമ്മുകശ്മീരിലും പഞ്ചാബിലും മതകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. അമൃത്സറിലെ സിക്ക് കേന്ദ്രം ആക്രമിച്ചത് ഭിന്നിപ്പിക്കാൻ. ഇന്ത്യയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ് പാകിസ്താന്റെ നീക്കമെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
ഇന്ത്യ ഗുരുദ്വാരയ്ക്ക് നേരെ മിസൈലുകൾ പ്രയോഗിച്ചതായി പാകിസ്താൻ ഉദ്യോഗസ്ഥർ ‘അസംബന്ധ’ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യയെ വിഭജിക്കാനുള്ള ഈ മുടന്തൻ ശ്രമങ്ങൾ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങൾക്ക് നേരെയുള്ള പാകിസ്താന്റെ ആക്രമണവും ഇന്ത്യൻ സായുധ സേനയെ കുറ്റപ്പെടുത്താനുള്ള ‘അവിവേക’ ശ്രമങ്ങളും ഇസ്ലാമാബാദിന്റെ ‘ദുഷ്ട പദ്ധതി’യുടെയും ലോകത്തെ വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളുടെയും പ്രതിഫലനമാണെന്ന് മിശ്രി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ഗുരുദ്വാരകൾ, പള്ളികൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാകിസ്താൻ ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. പാകിസ്താൻ പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തിയത്. എന്നാൽ, അത് ഇന്ത്യ ചെയ്തതാണെന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post