ശ്രീനഗർ : വെടിനിർത്തൽ കരാർ ലംഘിച്ച് കശ്മീരിനും ഗുജറാത്തിനും പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും പാകിസ്താൻ വ്യോമാക്രമണം. പാകിസ്താൻ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താനെതിരെ കടുത്ത രോഷപ്രകടനവുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി.
ശ്രീനഗറിൽ പലസ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി ഒമർ അബ്ദുള്ള വ്യക്തമാക്കി. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പാകിസ്താനെതിരെ പ്രതികരിച്ചത്. ശ്രീനഗറിലെ സ്ഫോടനങ്ങളുടെ ശബ്ദം വ്യക്തമായി കേൾക്കാവുന്ന 44 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയും ഒമർ അബ്ദുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
തുടർനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി സർക്കാർ അറിയിക്കും എന്നാണ് കരസേന വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് 5 മണി മുതലായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിരുന്നത്. എങ്കിലും പാകിസ്താന്റെ മുൻകാല നടപടികൾ കണക്കിലെടുത്ത് ഇന്ത്യ തികഞ്ഞ ജാഗ്രതയിൽ ആയിരുന്നു കാത്തിരുന്നിരുന്നത്. ഇന്ത്യ സജ്ജമായിരുന്നതിനാൽ തന്നെ പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിടുകയും ചെയ്തു.
Discussion about this post