കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ. ചൂതാട്ടവുമായി ചെസിന് ബന്ധമുണ്ടെന്ന ആശങ്കയെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്റെ ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് പ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നു. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ കായികവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സദാചാര സംരക്ഷണവും ദുഷ്പ്രവൃത്തി നിരോധനവും അനുസരിച്ച് ചെസ്സും ചൂതാട്ടമായി കണക്കാക്കപ്പെടുന്നു എന്നാണ് വിശദീകരണം. ചെസ് കളിയുമായി ബന്ധപ്പെട്ട ചില മതപരമായ ആശങ്കകളുണ്ട്. അത് പരിഹരിക്കുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
സമീപ വർഷങ്ങളിൽ അഫ്ഗാനിസ്ഥാനിൽ മറ്റ് കായിക ഇനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾക്ക് കായികരംഗത്ത് പങ്കെടുക്കുന്നതിന് പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം, മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പോലുള്ള ഫ്രീ ഫൈറ്റിംഗ് പ്രൊഫഷണൽ മത്സരങ്ങളും താലിബാൻ നിരോധിച്ചിരുന്നു.
Discussion about this post