ന്യൂഡൽഹി: പാകിസ്താനിലെ പ്രധാനനഗരങ്ങളായ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഇവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് സൈന്യം വ്യക്തമാക്കി. എയർ മാർഷൽ എ.കെ.ഭാരതി, ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജന.രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
ഇന്ത്യയുടെ എല്ലാ സൈനിക കേന്ദ്രങ്ങളും സംവിധാനങ്ങളും പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഏത് ദൗത്യവും ഏറ്റെടുക്കാൻ തയ്യാറാണെന്നും സൈന്യം വ്യക്തമാക്കി. തദ്ദേശീയമായി നിർമ്മിച്ച ആകാശ് മിസൈൽ പോലുള്ള പ്രതിരോധ ആയുധങ്ങളുടെ മികച്ച പ്രകടനം എടുത്തു പറയേണ്ട ഒന്നാണെന്ന് സൈന്യം ചൂണ്ടിക്കാട്ടി. സംയോജിത എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം പാക് സൈന്യത്തിന്റെ മുന്നേറ്റത്തെ തടഞ്ഞു. ഇന്ത്യൻ സൈന്യം ആകാശത്ത് മതിൽ തീർത്തു. തദ്ദേശീയമായി രൂപീകരിച്ച ആകാശ് ഇന്ത്യ വിന്യസിച്ചു. ഇന്ത്യയുടെ എയർഫീൽഡുകൾ സുരക്ഷിതമാണ് എന്നും സേന അറിയിച്ചു
‘ഞങ്ങളുടെ പോരാട്ടം ഭീകരവാദികൾക്കെതിരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയും ആയിരുന്നു. എന്നാൽ പാക് സൈന്യം ഭീകരവാദികളെ പിന്തുണയ്ക്കുകയും സംഘർഷം വ്യാപിപ്പിക്കുകയും ചെയ്തു.പാക് ആക്രമണങ്ങളെ ഇന്ത്യ ഫലപ്രദമായി ചെറുത്തു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഭേദിക്കുക ശത്രുക്കൾക്ക് അസാധ്യമായിരുന്നു. മൾട്ടി ലെയർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ചെറുത്തുനിൽപ്പ്.
ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ, അതിർത്തിക്കപ്പുറത്തുള്ള ചെറിയ ആയുധങ്ങൾ ഉപയോഗിച്ചുള്ള വെടിവയ്പ്പ്, പീരങ്കി ഷെല്ലാക്രമണം എന്നിവയുൾപ്പെടെ പാക് ആക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികരണത്തിന്റെ ഭാഗമായി കറാച്ചിയിലെ മാലിർ കന്റോൺമെന്റിലെ ഉപരിതല-വിമാന മിസൈൽ സൈറ്റ് ഉൾപ്പെടെയുള്ള സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടതായി എയർ മാർഷൽ പറഞ്ഞു.
പാകിസ്താനിലെ നൂർഖാൻ, റഹിംയാർഖാൻ വ്യോമത്താവളങ്ങളിൽ ആക്രമണം നടത്തിയതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. നൂർഖാൻ വിമാനത്താവളം പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 1015 കിലോമീറ്റർ അകലെയാണ്. പാകിസ്താൻ ഉപയോഗിച്ച ഡ്രോണുകൾ തുർക്കി നിർമിതമാണെന്നും സേന വ്യക്തമാക്കി. പാക് ഉപയോഗിച്ച ആയുധങ്ങളുടെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു.
പാക് സൈന്യവുമായോ ജനങ്ങളുമായോ അല്ല സംഘർഷത്തിൽ ഏർപ്പെട്ടത്. ഭീകരവാദികളുമായാണ് സംഘർഷമുണ്ടായതെന്നും സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാരിന്റെയും മന്ത്രാലയത്തിന്റെയും പൂർണ പിന്തുണ സൈന്യത്തിനുണ്ടായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങൾ പ്രാർത്ഥനയുമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.
Discussion about this post