ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് മോദി പറഞ്ഞു. ഈ വിജയം അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സമർപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഭീകരർ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുവെന്നും നമ്മൾ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ സമ്പൂർണ വിജയമാക്കിയ സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സേനകൾ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു.രാജ്യത്തിൻറെ കഴിവും ക്ഷമയും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കണ്ടു. സായുധസേനയേയും സൈന്യത്തെയും രഹസ്യാന്വേഷണ ഏജൻസിയേയും ശാസ്ത്രജ്ഞരേയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പഹൽഗാമിലേക്ക് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. അമ്മമാർക്കും, ഭാര്യമാർക്കും ,കുഞ്ഞുങ്ങൾക്കും മുന്നിലാണ് ഭീകരരുടെ വെടിയേറ്റ് നിഷ്‌കളങ്കരായ 26 പേർ പിടഞ്ഞുവീണ് മരിച്ചത്. മതത്തിന്റെ പേരിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു പേരല്ല. അതിൽ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പഹൽഗാമിന് ശേഷം, രാജ്യം മുഴുവൻ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാൻ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നൽകി. ഞങ്ങളുടെ പെൺമക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.
പഹൽഗാം ആക്രമണത്തിന് പാകിസ്താനിൽ ഭീകരരുടെ പരിശീലന കേന്ദ്രത്തിൽ കടന്നു കയറി ഇന്ത്യ മറുപടി നൽകി. ഭീകരർ സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. ഓപ്പറേഷൻ സിന്ദൂരിലൂടെ നീതി നടപ്പായിരിക്കുന്നു. ബവൽപൂരിലും, മുരിട്‌കെയിലും ആഗോള തീവ്രവാദ കേന്ദ്രങ്ങളായിരുന്നു പ്രവർത്തിച്ചിരുന്നത്. ആ കേന്ദ്രങ്ങൾ ഭാരതം ഭസ്മമാക്കി കളഞ്ഞു. ഭീകരതയുടെ യൂണിവേഴ്‌സിറ്റികളാണ് ഇല്ലാതായത്.
അടിയേറ്റപ്പോൾ പാകിസ്താൻ വെടിനിർത്തലിന് കരഞ്ഞപേക്ഷിച്ചു. ഡിജിഎംഒയെ വിളിച്ച് വെടിനിർത്തലിന് അപേക്ഷിച്ചു. നൂറിലധികം ഭീകരരെ വധിച്ചു. പാക് വ്യോമതാവളങ്ങൾ തകർത്തുവെന്നും അവരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ നിഷ്പ്രഭമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു
Discussion about this post