ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ നയം, ഉദ്ദേശ്യങ്ങൾ, നിർണായക കഴിവുകൾ എന്നിവയുടെ പ്രതിഫലനമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ വ്യോമപ്രതിരോധസംവിധാനം എസ് 400 ന്റെ മുന്നിൽ നിന്നാണ് പ്രധാനമന്ത്രി സൈന്യത്തെ അഭിസംബോധന ചെയ്തത്. നമ്മുടെ നിരപരാധികളായ സാധാരണക്കാരുടെ രക്തം ചിന്തലിന് ഒരു മറുപടിയേയുള്ളൂവെന്നും അത് ഭീകരരുടെ സമ്പൂർണ്ണ നാശമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഗൗതമ ബുദ്ധന്റെയും ഗുരു ഗോബിന്ദ് സിംഗിന്റെയും നാടാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയുടെ സായുധ സേനയെയാണ് വെല്ലുവിളിച്ചതെന്ന് ശത്രുക്കൾ മറന്നുപോയെന്നും വ്യക്തമാക്കി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നത് അവരുടെ നാശത്തിലേക്കേ നയിക്കൂ എന്നത് ഭീകരതയുടെ തലതൊട്ടപ്പൻമാർ ഇപ്പോൾ തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ക്കപ്പെട്ടപ്പോൾ, ഞങ്ങൾ അവരുടെ വീടുകൾക്കുള്ളിൽ കയറി ഭീകരരെ കൊന്നു. അവർ ഭീരുക്കളെപ്പോലെ ഒളിച്ചിരുന്നു, പക്ഷേ അവർ വെല്ലുവിളിച്ചത് ഇന്ത്യൻ സൈന്യത്തെയാണെന്ന് അവർ മറന്നു. പ്രധാന തീവ്രവാദ കേന്ദ്രങ്ങൾ നിങ്ങൾ നശിപ്പിച്ചു. ഒമ്പത് ഭീകര ക്യാമ്പുകൾ തുടച്ചുനീക്കപ്പെട്ടു. നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു. ഇപ്പോൾ ഭീകരതയുടെ സൂത്രധാരന്മാർക്ക് ഇന്ത്യയെ ദുഷ്ടലക്ഷ്യത്തോടെ നോക്കിയാൽ അനന്തരഫലം പൂർണനാശമാണെന്ന് ബോധ്യമായെന്ന് മോദി ചൂണ്ടിക്കാട്ടി.
സൈന്യം ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുള്ളതുകൊണ്ടാണ് ഞങ്ങൾക്ക് തലയുയർത്തിപ്പിടിക്കാൻ കഴിയുന്നത്. നിങ്ങൾ ചരിത്രം രചിച്ചു. നിങ്ങൾക്ക് ആദരമർപ്പിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളെല്ലാം ധീരരായ യോദ്ധാക്കളാണ്. കാണാൻ അവസരം ലഭിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം, ഇന്ത്യയുടെ ചരിത്രത്തിലെ ഈ അധ്യായം ചർച്ച ചെയ്യപ്പെടുമ്പോൾ, കേന്ദ്ര നായകർ നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകരുമായിരിക്കും. വരും തലമുറകകൾക്ക് നിങ്ങൾ പ്രചോദനമാണെന്ന് അ്‌ദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങൾ പൂർണതയോടെ ലക്ഷ്യത്തിലെത്തി എന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. പാകിസ്താന്റെ ഭീകര ക്യാമ്പുകളും അവരുടെ വ്യോമതാവളങ്ങളും മാത്രമല്ല നശിപ്പിക്കപ്പെട്ടത്, അവരുടെ ദുഷ്ട പദ്ധതികളും അഹന്തയും തകർത്തുവെന്ന് മോദി വ്യക്തമാക്കി.
‘ഇന്ത്യയിൽ നിരപരാധികളുടെ രക്തം ചൊരിയുന്നതിന് ഒരേയൊരു പരിണതഫലമേയുള്ളൂ – മഹാവിനാശം. പാകിസ്താനിൽ തീവ്രവാദികൾക്ക് സുരക്ഷിതരായ ഒരു സ്ഥലവുമില്ലെന്ന് ഇന്ത്യൻ സൈന്യം പാക് സൈന്യത്തോട് പറഞ്ഞിട്ടുണ്ട്. അവർക്ക് രക്ഷപ്പെടാൻ ഒരു അവസരം പോലും നൽകാതെ ഞങ്ങൾ അവരുടെ വീടുകളിൽ കയറി ആക്രമണം നടത്തും,’ അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post