ഇസ്ലാമാബാദ് : സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്നും ഇന്ത്യ പിന്മാറിയില്ലെങ്കിൽ വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിക്കുമെന്ന് ഭീഷണി. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദർ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. സിന്ധു നദീജല കരാറിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വെടിനിർത്തലിന് അർത്ഥമില്ലെന്ന് ഇഷാഖ് ദർ സൂചിപ്പിച്ചു.
പാകിസ്താന്റെ സൈനിക നഷ്ടങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ നാണക്കേടിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായാണ് ഇഷാഖ് ദറിന്റെ ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. സിന്ധു നദീ ജല കരാർ മരവിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും പുറകോട്ട് പോകില്ല എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധു പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുദ്ധനടപടി ആയിരിക്കും ഫലം എന്ന് പാകിസ്താന്റെ ഭീഷണി.
“രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉറപ്പിച്ച് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ പാകിസ്താനെ ചൊടിപ്പിച്ചിരിക്കുന്നത്. ഏപ്രിലിൽ പഹൽഗാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന് നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ മറുപടിയായ സിന്ധു നദീജല കരാർ റദ്ദാക്കുന്ന തീരുമാനം കേന്ദ്രസർക്കാർ സ്വീകരിച്ചത്.
Discussion about this post