പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്താനെ ഏതൊക്കെ തരത്തിൽ ബാധിച്ചുവെന്നതിന്റെ തെളിവുകൾക്ക് സഹായകരമായത് ഉപഗ്രഹചിത്രമായിരുന്നു. ഇതിന് സഹായിച്ച ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട സ്‌പേസ്‌ടെക് കമ്പനികളിലൊന്ന് മലയാളിയുടേതാണ്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്രിസ് നായർ നേതൃത്വം നൽകുന്ന കവാ സ്‌പേസ് ആണ് ഇന്ത്യൻ ആക്രമണങ്ങളുടെ വ്യാപ്തി തെളിയിച്ച വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. വ്യോമകേന്ദ്രങ്ങളിൽ ബോംബുവീണുണ്ടായ ഗർത്തങ്ങളുടെ ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ ബോംബ് വീണതിനു മുൻപും പിൻപുമുള്ള അവസ്ഥ താരതമ്യംചെയ്താണ് കവ സ്പെയ്സും ക്രിസ് നായരും പുറത്തുവിട്ടത്.
2019ലാണ് തൃശ്ശൂർ സ്വദേശി ബാലമേനോനുമായി ചേർന്ന് കമ്പനിക്ക് തുടക്കമിടുന്നത്. ന്യൂഡൽഹിയിലും ഓഫീസുണ്ട്. ചിത്രങ്ങൾ-റേഡിയോ ഫ്രീക്വൻസി തുടങ്ങിയ തത്സമയ ഡേറ്റായെ ആശ്രയിച്ചും ബഹുമുഖ ഇന്റലിജൻസ് സ്രോതസ്സുകളെ സംയോജിപ്പിച്ചുമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ക്രിസ് പറയുന്നു.
ക്രിസ് മുൻപ് ഭാഗമായിരുന്ന എക്സീഡ് സ്പെയ്സ് വികസിപ്പിച്ച ഐസാറ്റ് എന്ന ഉപഗ്രഹം പിഎസ്എൽവി-സി 45 ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇലോൺ മസ്‌കിന്റെ സ്പെയ്സ് എക്സ് ദൗത്യത്തിലും എക്സീഡ് സ്പെയ്സ് വികസിപ്പിച്ച ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയിരുന്നു.
Discussion about this post