ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ പാകിസ്താന് ആയുധങ്ങൾ നൽകിയ തുർക്കിക്കെതിരെ ഇന്ത്യയിൽ നിന്നും വൻതോതിലുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ‘ ബോയ്‌കോട്ട് തുർക്കി’ ക്യാമ്പയിനിൽ ബഹുഭൂരിപക്ഷം ജനങ്ങളും ഭാഗമാവുകയാണ്. തുർക്കിയിലേക്കുള്ള വിനോദസഞ്ചാരവും തുർക്കിയിൽ നിന്നുമുള്ള ഇറക്കുമതിയും ഇനി വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഇന്ത്യൻ ജനത.
തുർക്കിക്കെതിരെ ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായിയെടുത്ത ഈ തീരുമാനത്തിന് പിന്നാലെ ഇപ്പോൾ തുർക്കി സർവ്വകലാശാലയുമായുള്ള ഒരു സുപ്രധാന ധാരണ പത്രം മരവിപ്പിച്ചിരിക്കുകയാണ് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള അക്കാദമിക് ധാരണാപത്രം ജെഎൻയു താൽക്കാലികമായി നിർത്തിവച്ചത്. പാകിസ്താനുമായുള്ള തുർക്കിയുടെ പ്രതിരോധ സഹകരണം ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് എതിരായതിനാലാണ് ജെഎൻയു ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
“ദേശീയ സുരക്ഷാ പരിഗണനകൾ കാരണം, ജെഎൻയുവും തുർക്കിയിലെ ഇനോനു സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ജെഎൻയു രാഷ്ട്രത്തോടൊപ്പം നിലകൊള്ളുന്നു.” എന്നാണ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ജെഎൻയു വ്യക്തമാക്കിയിരിക്കുന്നത്. അക്കാദമിക് തലത്തിലും ഗവേഷണ തലത്തിലും സഹകരിക്കാനായി ഒപ്പുവെച്ച ധാരണാപത്രമാണ് ജെഎൻയു നിർത്തിവെച്ചിട്ടുള്ളത്.
Discussion about this post