ന്യൂഡൽഹി : ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങളിലൂടെ കോൺഗ്രസ് നേതാവ് ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു എന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്നുമുള്ള കുറ്റപ്പെടുത്തൽ.
ശശി തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിലാണ് ഈ പ്രസ്താവന ഉണ്ടായത്. മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പൊതുപ്രസ്താവനകളിൽ പാർട്ടിയുടെ നിലപാടാണ് നേതാക്കൾ പറയേണ്ടതെന്ന് കോൺഗ്രസ് നേതൃത്വം യോഗത്തിൽ ഉറപ്പിച്ചു വ്യക്തമാക്കി.
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കുള്ള പാർട്ടിയുടെ പ്രതികരണം എങ്ങനെ കൈകാര്യം ചെയ്യാമെന്നും ദേശീയ സുരക്ഷാ വിഷയങ്ങളിൽ പാർട്ടി താല്പര്യപ്രകാരമുള്ള പ്രതികരണം ഉറപ്പാക്കാനുമാണ് യോഗം വിളിച്ചതെന്ന് റിപ്പോർട്ടുണ്ട്. വ്യക്തിഗത വിമർശനങ്ങൾ നടത്തേണ്ട സമയമല്ല, പാർട്ടിയുടെ കൂട്ടായ നിലപാട് ശക്തിപ്പെടുത്തേണ്ട സമയമാണിത് എന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
Discussion about this post