ഭീകരവാദത്തെ വളർത്തുന്ന പാകിസ്താനുമായുള്ള സിന്ധുനദീജലകരാറിൽ നിന്ന് അടക്കം ഇന്ത്യ പിന്നാക്കം പോയതിനെ കുറ്റപ്പെടുത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. തുൽബുൾ നാവിഗേഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നിർദേശത്തെയും ഇവർ ശക്തമായി വിമർശിക്കുന്നു.
തടാകത്തിൻറെയും തുൽബുൾ അണക്കെട്ടിൻറെയും വീഡിയോ ഒമർ അബ്ദുള്ള ഈയിടെ പങ്കുവച്ചതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ പങ്കിടുന്നതിൻറെ ‘സമയത്തെയും ഉദ്ദേശ്യത്തെയും’ മെഹബൂബ മുഫ്തി ചോദ്യം ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കെ തുൽബുൾ നാവിഗേഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ഒമർ അബ്ദുള്ളയുടെ അഭ്യർഥന അങ്ങേയറ്റം ഖേദകരമാണെന്ന് മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും യുദ്ധം ഒഴിവാക്കിയ സമയത്ത് അദ്ദേഹം നടത്തിയ ഇത്തരം പ്രസ്താവന നിരുത്തരവാദപരം മാത്രമല്ല, അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് അവർ പറഞ്ഞു.
കശ്മീരികൾക്ക് സമാധാനവും ശാന്തതയുമാണ് വേണ്ടത്, ജലം പങ്കിടൽ പോലുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടലും വാദങ്ങളും ഇപ്പോൾ വേണ്ടെന്നും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷയായ മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു. ജലം പോലുള്ള അടിസ്ഥാനപരവുമായ ഒരു വിഭവത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് മനുഷ്യത്വരഹിതമാണെന്നും അത് ഉഭയകക്ഷി പ്രശ്നത്തെ അന്താരാഷ്ട്രവൽക്കരിക്കാനുള്ള സാധ്യത കൂടുതലാക്കുമെന്നും അവർ അറിയിച്ചു.
1980കളുടെ തുടക്കത്തിൽ തുൾബുൾ നാവിഗേഷൻ ബാരേജിൽ ജോലി ആരംഭിച്ചെങ്കിലും സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന്റെ സമ്മർദ്ദത്തെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. ഇപ്പോൾ കരാർ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ നമുക്ക് ഈ പദ്ധതി പുനരാരംഭിക്കാൻ കഴിയുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്’ എന്നാണ് ഒമർ അബ്ദുള്ള അദ്ദേഹത്തിൻറെ പോസ്റ്റിൽ പറഞ്ഞത്.
Discussion about this post