ന്യൂഡൽഹി : ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ തമിഴ് പൗരൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോൾ തന്നെ രാജ്യത്ത് 140 കോടി ജനസംഖ്യയുണ്ട്. ഇനി മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി അഭയം നൽകണോ എന്നും സുപ്രീംകോടതി ചോദിച്ചു. എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാലയല്ല എന്നും നിർണായക വിധിയിൽ സുപ്രീംകോടതി പ്രസ്താവിച്ചു.
ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇന്ന് അഭയാർത്ഥി വിഷയത്തിൽ ഒരു സുപ്രധാന നീക്കം നടത്തിയത്. ശ്രീലങ്ക തീവ്രവാദ സംഘടനയായി മുദ്രകുത്തിയിട്ടുള്ള
ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ)യുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2015 ൽ അറസ്റ്റിലായ ഒരു ശ്രീലങ്കൻ പൗരന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഈ പരാമർശങ്ങൾ നടത്തിയത്.
2018-ൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം വിചാരണ കോടതി ശ്രീലങ്കൻ പൗരനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് 2022-ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി കുറച്ചു. നിലവിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണ് ശ്രീലങ്കൻ പൗരൻ. സ്വന്തം രാജ്യത്ത് തനിക്ക് ജീവന് ഭീഷണി ഉള്ളതിനാൽ ഇന്ത്യയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
Discussion about this post