ന്യൂഡൽഹി : പാകിസ്താന്റെ ഏത് മുക്കിലും മൂലയിലും ആക്രമണം നടത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ സുമർ ഇവാൻ ഡി കൻഹ വ്യക്തമാക്കി. പാകിസ്താൻ മുഴുവൻ ഇന്ത്യയുടെ ആക്രമണ പരിധിയിലാണ്. ഇന്ത്യക്കകത്ത് എവിടെ നിന്നു വേണമെങ്കിലും ആക്രമിക്കാൻ കഴിയുന്ന സാഹചര്യവും സംവിധാനവും സൈന്യത്തിനുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പാകിസ്താന്റെ സൈനിക ഹെഡ് ക്വാർട്ടേഴ്സ് എങ്ങോട്ട് മാറ്റിയിട്ടും കാര്യമില്ല. വലിയ തുരങ്കമോ മറ്റോ ഉണ്ടാക്കേണ്ടി വരും. അതല്ലാതെ പാകിസ്താന്റെ ഏത് മുക്കിലും മൂലയിലുമെത്താൻ കഴിയുന്ന ആയുധങ്ങൾ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനു മുൻപ് ഡ്രോണുകളെ നേരിടുന്നതിനു വേണ്ടി ഇന്ത്യൻ സൈന്യം ശക്തമായ പരീക്ഷണങ്ങൾ പത്ത് ദിവസം മുൻപ് നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
റഡാർ സിസ്റ്റത്തെ കബളിപ്പിക്കാനും തകരാറിലാക്കാനുമാണ് പാകിസ്താൻ ആദ്യം ശ്രമിച്ചത്. എന്നാൽ ഇന്ത്യക്ക് അതെല്ലാം നേരിടാൻ കഴിഞ്ഞു. വ്യത്യസ്തമായ രീതിയിൽ വിന്യസിച്ച ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ പാകിസ്താനു കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post