ഭുവനേശ്വർ : കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ നടപടികളിൽ ഒരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ സുരക്ഷാസേന. പ്രമുഖ കമ്മ്യൂണിസ്റ്റ് ഭീകരൻ കുഞ്ചം ഹിദ്മ അറസ്റ്റിൽ. ഒഡീഷയിൽ വച്ചാണ് സുരക്ഷാസേന ഇയാളെ അറസ്റ്റ് ചെയ്തത്. നിരോധിത സിപിഐ (മാവോയിസ്റ്റ്) ഏരിയ കമ്മിറ്റി അംഗവും മേഖലയിലെ സുപ്രധാന നേതാവുമാണ് അറസ്റ്റിലായ കുഞ്ചം ഹിദ്മ.
ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനുശേഷമാണ് കുഞ്ചം ഹിദ്മ അറസ്റ്റിലായത്. ഇയാളുടെ ഒളിത്താവളത്തിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു. ഒഡീഷ, ആന്ധ്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി നിരവധി അക്രമ സംഭവങ്ങളിൽ പ്രതിയാണ് കുഞ്ചം ഹിദ്മ.
ബൈപാരിഗുഡ പോലീസ് പരിധിയിലുള്ള ബൈപാസ്ഗുഡ പ്രദേശത്തിന് സമീപം മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങളെത്തുടർന്ന് ആണ് പോലീസും സുരക്ഷാസേനയും ദൗത്യം ആരംഭിച്ചത്. ജെയ്പോർ എസ്ഡിപിഒ പാർത്ഥ് കശ്യപിന്റെ നേതൃത്വത്തിൽ ജില്ലാ സന്നദ്ധ സേനയുടെ (ഡിവിഎഫ്) സംയുക്ത സംഘത്തെ ആണ് ദൗത്യത്തിനായി വിന്യസിച്ചിരുന്നത്. ഏറ്റുമുട്ടലിനു ശേഷം സംഭവസ്ഥലത്ത് നിന്ന് എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള വലിയൊരു ആയുധശേഖരവും ദൗത്യസംഘം പിടികൂടിയിട്ടുണ്ട്.
Discussion about this post