എറണാകുളം : കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകൾ ആണ് ഉയർത്തിയിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം 13 ഷട്ടറുകൾ ഉയർത്തിയതിന് പിന്നാലെ ഇന്ന് ബാക്കി രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു.
അതിശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. പെരിയാറിന്റെ ജലനിരപ്പ് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറു ദിവസമായി തുടരുന്ന കനത്ത മഴ മൂലം എറണാകുളം ജില്ലയിൽ നിരവധി വീടുകൾക്ക് ഉൾപ്പെടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശക്തമായ മഴയിൽ ജില്ലയിൽ ഇതുവരെ 182 വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. മൂന്ന് വീടുകൾ പൂർണമായും 179 വീടുകൾ ഭാഗികമായും തകർന്നു. കനത്ത മഴയെ തുടർന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ,തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post