എറണാകുളം : സമൂഹമാദ്ധ്യമങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ‘ഉണ്ണിയേട്ടൻ’ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു. ടാൻസാനിയൻ ഇൻഫ്ലുവൻസറായ കിലി പോൾ ലിപ്സിങ്ക് വിഡിയോകളിലൂടെ ആണ് ലോകശ്രദ്ധ നേടിയത്. ഇന്ത്യൻ ഭാഷകളിലെ വിവിധ ഗാനങ്ങൾക്ക് കിലി ലിപ്സിങ്ക് വിഡിയോകൾ പുറത്തിറക്കിയിരുന്നു. ഇവയിൽ മലയാളം ഗാനങ്ങളുടെയും സിനിമ രംഗങ്ങളുടെയും വീഡിയോകൾ ആണ് ഏറെ ശ്രദ്ധ നേടിയത്.
യൂസഫ് പോൾ കിംസേര എന്നാണ് കിലി പോളിൻ്റെ യഥാർത്ഥ പേര്. സഹോദരി നീമ പോളും അദ്ദേഹത്തിനോടൊപ്പം ലിപ്സിങ്ക് വീഡിയോകൾ ചെയ്തുകൊണ്ട് ലോക തലത്തിൽ തന്നെ പ്രശസ്തയാണ്. മലയാളം വീഡിയോകളിലൂടെ ആണ് ‘പണ്ട് നാടുവിട്ടുപോയ ഉണ്ണിയേട്ടൻ’ എന്നെ വിശേഷണം ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഉണ്ണിയേട്ടൻ എന്ന പേരിൽ തന്നെ മലയാളികൾക്കിടയിൽ കിലി അറിയപ്പെടാൻ തുടങ്ങി. ഇന്ന് ഇൻസ്റ്റഗ്രാമിൽ മാത്രം 10.4 മില്യൻ ആളുകൾ കിലിയെ ഫോളോ ചെയ്യുന്നുണ്ട്.
‘മാസായി വാരിയർ’ എന്ന് പേരിട്ടിരിക്കുന്ന കിലി പോളിന്റെ ജീവിതചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് ‘ഇന്നസെന്റ്’. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന മാസായി വാരിയറിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിലിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് സിനിമ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത്.








Discussion about this post