പട്ന : 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ കായിക പ്രേമികളുടെ മുഴുവൻ ശ്രദ്ധയും ആകർഷിച്ച താരമാണ് വൈഭവ് സൂര്യവംശി. ഐപിഎൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോൾ ആണ് വൈഭവ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് ചരിത്രം സൃഷ്ടിച്ചത്. ഏതൊരു കായിക താരവും കൊതിക്കുന്ന മികച്ച മത്സരം തന്നെ കാഴ്ചവയ്ക്കാനും വൈഭവ് സൂര്യവംശിയ്ക്ക് കഴിഞ്ഞിരുന്നു.
ഐപിഎല്ലിലെ ഈ ചരിത്രനേട്ടത്തിന് പിന്നാലെ തന്റെ മറ്റൊരു വലിയ സ്വപ്നം കൂടി സാക്ഷാത്കരിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽകണ്ട് അനുഗ്രഹം വാങ്ങുക എന്ന വലിയ സ്വപ്നമാണ് ഈ 14 കാരൻ ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശനത്തിനിടെ പട്ന വിമാനത്താവളത്തിൽ വച്ചായിരുന്നു വൈഭവ് മോദിയെ നേരിൽകണ്ട് കാൽതൊട്ടുവണങ്ങി അനുഗ്രഹം വാങ്ങിയത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഈ അസുലഭ സന്ദർഭത്തിന് സാക്ഷിയായി ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി മോദിയുടെ രണ്ടു ദിവസത്തെ ബീഹാർ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. വൈഭവിന്റെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി പത്ത് മിനിറ്റ് സമയം ചെലവഴിച്ചു. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ സൂപ്പർതാരമാണ് വൈഭവ് സൂര്യവംശി. 2025 ഏപ്രിൽ 19 ന് തന്റെ അരങ്ങേറ്റ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ വൈഭവ് 20 പന്തിൽ നിന്ന് മൂന്ന് സിക്സറുകൾ ഉൾപ്പെടെ 34 റൺസ് നേടിയിരുന്നു. ഐപിഎല്ലിൽ ഇതുവരെയായി വൈഭവ് 7 മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടി. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെയാണ് വൈഭവ് ഈ നേട്ടം കാഴ്ചവച്ചത്.
Discussion about this post