ന്യൂഡൽഹി : ന്യൂഡൽഹിയിലെ ഉദ്യോഗ് ഭവന് ബോംബ് ഭീഷണി. ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡി) ഉപയോഗിച്ച് ബോംബ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഘന വ്യവസായ മന്ത്രാലയ സെക്രട്ടറിക്ക് ഇമെയിലിൽ ആയിരുന്നു സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് വിവിധ സുരക്ഷ ഏജൻസികൾ സ്ഥലത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർലമെന്റ് ഹൗസ്, രാഷ്ട്രപതി ഭവൻ തുടങ്ങിയ പ്രധാന സർക്കാർ സ്ഥലങ്ങൾക്ക് സമീപമാണ് ഉദ്യോഗ് ഭവൻ സ്ഥിതി ചെയ്യുന്നത്. കനത്ത സുരക്ഷാ മേഖലയാണ് ഈ പ്രദേശം. ഉദ്യോഗ് ഭവനിലെ കെട്ടിടത്തിൽ തന്നെയാണ് ഭീഷണി സന്ദേശം ലഭിച്ച ഘന വ്യവസായ മന്ത്രാലയവും പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാനായി കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയോട് (സിഐഎസ്എഫ്) കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മെയിലിന്റെ ആധികാരികതയും അതിന്റെ ഉറവിടവും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Discussion about this post