ലഖ്‌നൗ : ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. വിദ്വേഷ പ്രസംഗ കേസിൽ രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് എംപി/എംഎൽഎ കോടതി അബ്ബാസ് അൻസാരിക്ക് വിധിച്ചിരുന്നത്.
2022 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു അബ്ബാസ് അൻസാരിയുടെ വിവാദമായ പ്രസംഗം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് അബ്ബാസ് അൻസാരിക്കെതിരെ കോടതി ശിക്ഷ ചുമത്തിയിട്ടുള്ളത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് അബ്ബാസ് അൻസാരിയുടെ പാർട്ടിയായ എസ്ബിഎസ്പി അറിയിച്ചു.
രണ്ടോ അതിലധികമോ വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഏതൊരു നിയമസഭാംഗവും നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെടുന്നതാണ്. ഈ നിയമപ്രകാരമാണ് അബ്ബാസ് അൻസാരി എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടത്. ഇതോടെ അബ്ബാസ് അൻസാരിയുടെ മണ്ഡലമായ മൗ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post