ന്യൂഡൽഹി : അതിശക്തമായ മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കനത്ത ദുരിതത്തിൽ ആയിരിക്കുകയാണ് . ഇതുവരെയായി 25 മരണവും സ്ഥിരീകരിച്ചു. മിസോറാം, അസം, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട സംസ്ഥാനങ്ങൾ.
അസമിൽ മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി വീടുകളും റോഡുകളും തകർന്നു. ഒരേ കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ എട്ട് പേർ ആണ് അസമിൽ ദിവസങ്ങളായി തുടരുന്ന മഴയെ തുടർന്ന് മരിച്ചത്. 78,000-ത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തി നഗരം ഉൾപ്പെടെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ ആയിരിക്കുകയാണ്.
മേഘാലയയിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ആറ് പേരാണ് മരിച്ചത്. ശനിയാഴ്ച ഇടിമിന്നലേറ്റ് രണ്ട് പെൺകുട്ടികൾ മരിച്ചു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ആയിരത്തോളം പേർക്ക് വീടുകൾ വിട്ട് മാറി താമസിക്കേണ്ടതായും വന്നിട്ടുണ്ട്. മിസോറാമിൽ ശനിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മ്യാൻമർ അഭയാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അരുണാചൽപ്രദേശിൽ 9 പേരും കനത്ത മഴയെ തുടർന്ന് മരിച്ചു.
Discussion about this post