ന്യൂഡൽഹി : ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റും കനത്ത മഴയും. ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴയും കാറ്റും ഉണ്ടായി. ശക്തമായ പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു.
ഉത്തർപ്രദേശിലെ നോയിഡ, ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുൾപ്പെടെയുള്ള ഡൽഹിയുടെ സമീപപ്രദേശങ്ങളിലും കനത്ത പൊടിക്കാറ്റ് വീശി. ഡൽഹിയിൽ 188.9 മില്ലിമീറ്റർ മഴ ലഭിച്ചു. മെയ് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്.
ഡൽഹിയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 2 മണിക്കൂറിനുള്ളിൽ ഡൽഹി, എൻസിആർ, നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മനേസർ, ബല്ലഭ്ഗഢ് എന്നിവിടങ്ങളിൽ പൊടിക്കാറ്റും ഇടിമിന്നലും മണിക്കൂറിൽ 50-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടുത്ത രണ്ടു ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post