ചെന്നൈ : അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡന കേസിൽ ശിക്ഷ വിധിച്ച് കോടതി. ചെന്നൈയിലെ പ്രത്യേക കോടതിയാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് അണ്ണാ സർവ്വകലാശാലയ്ക്ക് സമീപത്തെ ബിരിയാണി വില്പനക്കാരനായ പ്രതി ജ്ഞാനശേഖരൻ ക്യാമ്പസിൽ കടന്നു കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.
ഈ ആഴ്ച ആദ്യം പ്രതിയായ ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ജസ്റ്റിസ് രാജലക്ഷ്മി അധ്യക്ഷയായ കോടതി പ്രതി ജ്ഞാനശേഖരന് മുപ്പത് വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റു നിരവധി കുറ്റകൃത്യങ്ങളിലും പ്രതിയാണ് ജ്ഞാനശേഖരൻ എന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലാകെ വ്യാപക പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു അണ്ണാ സർവ്വകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗിക പീഡനം. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന് ഉത്തരവിടുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, തമിഴ്നാട്-സ്ത്രീകൾക്കെതിരായ പീഡന നിരോധന നിയമം എന്നിവയുൾപ്പെടെ വിവിധ നിയമങ്ങളിലെ 11 വകുപ്പുകൾ പ്രകാരമാണ് പ്രതിജ്ഞാന ശേഖരനെതിരെ കേസ് ചുമത്തിയിരുന്നത്. ഈ 11 വകുപ്പുകളിലും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതായി പ്രത്യേക മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി വ്യക്തമാക്കി.
Discussion about this post