നോർവേ ചെസ് ടൂർണമെന്റിൽ ഇതിഹാസ വിജയം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. നോർവിജിയൻ സൂപ്പർ താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ടൂർണമെന്റ് വിജയിച്ചത്. ക്ലാസിക്കൽ ചെസ്സിൽ കാൾസണെതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. സ്വന്തം നാട്ടിൽ ഏറ്റ തോൽവി വിശ്വസിക്കാൻ കഴിയാതെ മാഗ്നസ് കാൾസൺ കടുത്ത രോഷപ്രകടനം നടത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
തോൽവി തിരിച്ചറിഞ്ഞതോടെ കൈകൊണ്ട് ചെസ് ടേബിളിൽ ശക്തമായി അടിച്ചുകൊണ്ട് മാഗ്നസ് കാൾസൺ എഴുന്നേറ്റ് പോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ഗുകേഷിന് കൈ കൊടുക്കുകയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു. വിജയം വിശ്വസിക്കാനാവാതെ കണ്ണുകൾ നിറഞ്ഞു പോയ ഗുുകേഷിനെയും ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നതാണ്.
മത്സരത്തിന്റെ ഭൂരിഭാഗവും വെളുത്ത കരുക്കളുമായി കളിച്ച കാൾസണിനായിരുന്നു മുൻതൂക്കം ഉണ്ടായിരുന്നത്. പക്ഷേ ശക്തനായ എതിരാളിയോട് ഏറ്റുമുട്ടുമ്പോൾ ഉണ്ടായ കടുത്ത സമ്മർദ്ദം അദ്ദേഹത്തിന് പിഴവുകൾ വരുത്തി. എന്നാൽ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചുകൊണ്ട് സമാധാനപൂർവ്വമായി ജാഗ്രതയോടെ മുന്നോട്ടുപോയ ഗുകേഷ് അന്തിമ വിജയം കരസ്ഥമാക്കുകയായിരുന്നു. “ഈ ടൂർണമെന്റിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യം, കൃത്യസമയത്ത് നീക്കങ്ങൾ നടത്താനുള്ള സമ്മർദ്ദം നിങ്ങളെ തെറ്റുകൾ വരുത്താൻ നിർബന്ധിതരാക്കും എന്നതാണ്” എന്നായിരുന്നു ഡി ഗുകേഷ് മത്സരശേഷം വെളിപ്പെടുത്തിയത്.
Discussion about this post