മുംബൈ : ബിസിസിഐ ആക്ടിംഗ് പ്രസിഡണ്ടായി രാജീവ് ശുക്ല എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡണ്ട് റോജർ ബിന്നിക്ക് പകരമായാണ് രാജീവ് ശുക്ല ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഔദ്യോഗിക പദവി വഹിക്കാനുള്ള പ്രായപരിധി കഴിയുന്നതിനെ തുടർന്നാണ് റോജർ ബിന്നി സ്ഥാനമൊഴിയുന്നത്.
2022 ൽ ആണ് സൗരവ് ഗാംഗുലിക്ക് പകരക്കാരനായി റോജർ ബിന്നി സ്ഥാനമേറ്റിരുന്നത്. 1983 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമാണ് റോജർ ബിന്നി. അദ്ദേഹം ഇന്ത്യയ്ക്കായി 27 ടെസ്റ്റ് മത്സരങ്ങളിലും 72 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 47 വിക്കറ്റുകളും അഞ്ച് അർദ്ധസെഞ്ച്വറികളുൾപ്പെടെ 830 റൺസ് നേടിയിട്ടുണ്ട്. 72 ഏകദിനങ്ങളിൽ നിന്ന് 77 വിക്കറ്റുകളും ഒരു അർദ്ധസെഞ്ച്വറിയുമായി 629 റൺസും നേടിയിട്ടുണ്ട്. ജൂലൈ 19 ന് അദ്ദേഹത്തിന് 70 വയസ്സ് പൂർത്തിയാകുന്നതോടെ ബിസിസിഐ നിയമപ്രകാരം ഔദ്യോഗിക പദവികൾ വഹിക്കുന്നതിനുള്ള പ്രായപരിധി കവിയുന്നതാണ്.
ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ ആയ രാജീവ് ശുക്ല നിലവിൽ ബിസിസിഐ വൈസ് പ്രസിഡണ്ട് ആണ്. സെപ്റ്റംബറിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാജീവ് ശുക്ല ബിസിസിഐയുടെ ആക്ടിംഗ് പ്രസിഡണ്ട് ആയി തുടരുമെന്നാണ് വിവരം. പിന്നീട് വാർഷിക പൊതുയോഗത്തിൽ നടക്കുന്ന മുഴുവൻ സമയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാൻ സാധിക്കുന്നതാണ്.
Discussion about this post