ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈയുടെ ഭരണം ഇനി ഭാരതീയ ജനതാ പാർട്ടിയുടെയും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെയും കൈകളിലേക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം (മഹാസഖ്യം) വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം അവകാശപ്പെട്ട് ഇറങ്ങിയ ഉദ്ധവ് താക്കറെയ്ക്കും രാജ് താക്കറെയ്ക്കും മുംബൈ ജനത കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കാവിപ്പടയുടെ മുന്നേറ്റമാണ് ദൃശ്യമായത്. ജനുവരി 15-ന് നടന്ന വോട്ടെടുപ്പിൽ മുംബൈയും മഹാരാഷ്ട്രയും ‘വികസന രാഷ്ട്രീയത്തിന്’ ഒപ്പമാണെന്ന് ഫലസൂചനകൾ വ്യക്തമാക്കുന്നു.
ബിഎംസിയിൽ 100 കടന്ന് മഹാസഖ്യം; താക്കറെ കുടുംബം വിയർക്കുന്നു
മുംബൈ നഗരസഭയിലെ 227 സീറ്റുകളിൽ ഭൂരിഭാഗം ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം:
മഹാസഖ്യം (BJP-Sena): 102 വാർഡുകളിൽ ലീഡ് ചെയ്യുന്നു. ഇതിൽ ബിജെപി തനിച്ച് 76 സീറ്റുകളിലും ഷിൻഡെ പക്ഷം 26 സീറ്റുകളിലും മുന്നിലാണ്.
താക്കറെ സഖ്യം (UBT-MNS): കേവലം 63 വാർഡുകളിൽ മാത്രമാണ് ഇവർക്ക് ലീഡ് ചെയ്യാനായത്. ഉദ്ധവ് താക്കറെയുടെ സേന 58 ഇടത്തും രാജ് താക്കറെയുടെ എംഎൻഎസ് 5 ഇടത്തുമാണ് മുന്നിലുള്ളത്.
ഏകദേശം 74,400 കോടി രൂപയുടെ വാർഷിക ബജറ്റുള്ള, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ ഫലം കണ്ടിരിക്കുകയാണ്. ഒൻപത് വർഷത്തിന് ശേഷമാണ് ബിഎംസിയിൽ തിരഞ്ഞെടുപ്പ് നടന്നത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
മുംബൈയിൽ മാത്രമല്ല, സംസ്ഥാനത്തെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി തേരോട്ടം തുടരുകയാണ്.ആകെയുള്ള 29 കോർപ്പറേഷനുകളിൽ 535 വാർഡുകളിൽ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു.സഖ്യകക്ഷിയായ ഷിൻഡെ സേന 164 സീറ്റുകളിലും മുന്നിലാണ്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (147 സീറ്റുകൾ). ശരദ് പവാറിന്റെയും അജിത് പവാറിന്റെയും ശക്തികേന്ദ്രമായ പുണെയിലും ബിജെപി തന്നെയാണ് ആധിപത്യം പുലർത്തുന്നത്.
ദേശവിരുദ്ധ ശക്തികളുമായും പ്രീണന രാഷ്ട്രീയക്കാരുമായും കൈകോർത്ത ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയത്തിന് മുംബൈയിലെ ഹിന്ദു വോട്ടർമാർ നൽകിയ മറുപടിയായാണ് ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളും സനാതന ധർമ്മത്തോടുള്ള പ്രതിബദ്ധതയും മഹാരാഷ്ട്രയിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. “മുംബൈ ഇനി യഥാർത്ഥ രാമരാജ്യത്തിന്റെ പാതയിലാണ്. അഴിമതിയും കുടുംബ ഭരണവും ജനങ്ങൾ തൂത്തെറിഞ്ഞു.” – മുംബൈയിലെ ഒരു ബിജെപി പ്രവർത്തകൻ പ്രതികരിച്ചു.
പലസ്തീൻ അനുകൂല നിലപാടുകളും ഹിന്ദുത്വ വിരുദ്ധ പ്രസ്താവനകളും നടത്തിയ സഖ്യകക്ഷികൾക്കൊപ്പം ചേർന്നതാണ് ഉദ്ധവ് താക്കറെയുടെ തകർച്ചയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. മുംബൈയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലും മധ്യവർഗ മേഖലകളിലും ബിജെപി ക്ലീൻ സ്വീപ്പാണ് നടത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയുടെ ഓരോ മുക്കിലും മൂലയിലും കാവി പടരുന്ന കാഴ്ചയാണ് കാണുന്നത്. നാഗ്പൂർ, കോലാപൂർ, പുണെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബിജെപി വൻ കുതിപ്പാണ് നടത്തുന്നത്.










Discussion about this post