ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ ബൗളിംഗിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആർ. അശ്വിൻ. രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന് മുന്നിൽ കുൽദീപ് പതറിയതിനെ തുടർന്നാണ് അശ്വിന്റെ ഈ നിരീക്ഷണം.
രാജ്‌കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് 10 ഓവറിൽ 82 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. സെഞ്ച്വറി നേടിയ ഡാരിൽ മിച്ചൽ കുൽദീപിനെതിരെ അനായാസം ബാറ്റ് ചെയ്തതാണ് അശ്വിനെ ഇത്തരമൊരു വിമർശനത്തിന് പ്രേരിപ്പിച്ചത്. ലോകത്തിലെ 80 ശതമാനം ബാറ്റർമാർക്കെതിരെയും കുൽദീപിന് തന്റെ സ്വാഭാവിക ശൈലിയിൽ തന്നെ പന്തെറിഞ്ഞ് വിജയിക്കാം. എന്നാൽ ഡാരിൽ മിച്ചലിനെപ്പോലെ സമ്മർദ്ദം ചെലുത്തുന്ന കളിക്കാർക്കെതിരെ കുൽദീപിന്റെ പ്ലാൻ ബി-യും സി-യും എവിടെയാണെന്ന് എനിക്ക് കാണണം,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു
കുൽദീപിനെ ക്രീസിന് പുറത്തിറങ്ങി നേരിടാനും സ്വീപ് ഷോർട്ടുകൾ കളിക്കാനും മിച്ചൽ കാണിക്കുന്ന ധൈര്യം അയാളെ സമ്മർദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തിൽ തന്ത്രങ്ങൾ മാറ്റാനോ ബാറ്ററെ ബാക്ക് ഫൂട്ടിലേക്ക് തള്ളാനോ ഉള്ള തന്ത്രങ്ങൾ കുൽദീപ് പയറ്റേണ്ടതുണ്ട്. ഡാരിൽ മിച്ചൽ വളരെ ബുദ്ധിപൂർവ്വമാണ് പന്തുകളെ നേരിടുന്നത്. കുൽദീപിന്റെ ഒരു പന്ത് സിക്‌സറിന് പറത്തിയാൽ അടുത്ത പന്ത് വേഗത്തിൽ വരുമെന്ന് പ്രതീക്ഷിച്ച് അത് പാഡിൽ ചെയ്യാനുള്ള മിച്ചലിന്റെ കഴിവ് അപാരമാണെന്നും അശ്വിൻ നിരീക്ഷിച്ചു.
രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 131 റൺസ് നേടിയ മിച്ചൽ, ഈ പരമ്പരയിൽ കുൽദീപിനെതിരെ 138-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്യുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ തുല്യതയിലാണ് നിൽക്കുന്നത്. പരമ്പര വിജയിയെ നിശ്ചയിക്കുന്ന ഫൈനൽ പോരാട്ടം ജനുവരി 18 ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും













Discussion about this post