ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-ന് പിന്നാലെ രോഹിത് ശർമ്മയെ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ കോച്ച് ഗൗതം ഗംഭീറിന്റെ ഇടപെടലുണ്ടാകാമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത്തിന് പകരം ശുഭ്മാൻ ഗില്ലിനെ നായകനായി പ്രഖ്യാപിച്ചതിന് പിന്നിൽ ഗംഭീറിന്റെ നിർദ്ദേശങ്ങൾ ചീഫ് സെലക്ടർ അജിത് അഗാർക്കറെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് തിവാരിയുടെ നിരീക്ഷണം.
2024-ൽ ടി20 ലോകകപ്പും 2025-ൽ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത രോഹിത്തിനെ അപ്രതീക്ഷിതമായാണ് നായകസ്ഥാനത്ത് നിന്ന് നീക്കിയത്. തന്റെ നിരീക്ഷണങ്ങൾ എന്ന നിലയിൽ തിവാരിയുടെ വാക്കുകൾ ഇങ്ങനെ: “അജിത് അഗാർക്കർ ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള വ്യക്തിയാണ്. എന്നാൽ ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ അദ്ദേഹം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പരിശോധിക്കണം. ഡ്രസ്സിംഗ് റൂമിന് പിന്നിൽ പല കാര്യങ്ങളും നടക്കാറുണ്ട്.”
“ടീമിന്റെ തീരുമാനങ്ങളിൽ കോച്ചിന്റെ അഭിപ്രായങ്ങൾ തീർച്ചയായും ഉണ്ടാകും. സെലക്ടർക്ക് മാത്രമായി ഇത്തരം വലിയ തീരുമാനങ്ങൾ എടുക്കാനാവില്ല. ഈ തീരുമാനത്തിൽ ഗംഭീറിനും അഗാർക്കർക്കും തുല്യ പങ്കാണുള്ളത്.” അദ്ദേഹം പറഞ്ഞു. 2027 ലോകകപ്പ് വരെ കളിക്കാൻ ആഗ്രഹിച്ചിരുന്ന രോഹിത് ഏകദിനത്തിൽ മികച്ച ഫോമിലായിരുന്നു. എന്നിട്ടും കഴിഞ്ഞ ഒക്ടോബറിൽ ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശുഭ്മാൻ ഗില്ലിനെ നായകനായി നിയമിച്ചത് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ചിരുന്നു.













Discussion about this post